ministerport-07

വിഴിഞ്ഞം തുറമുഖ നിര്‍മാണം രണ്ടുദിവസത്തിനകം പുനരാരംഭിക്കും. ഓണസമ്മാനമായി കപ്പലടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അധികസമയം ജോലി ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വെല്ലുവിളികള്‍ ഏറെ ബാക്കിയാണ്.

 

112 ദിവസം മുമ്പാണ് സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മാണം നിലച്ചത്. നിര്‍മാണം ഉടന്‍ പുനരാരംഭിച്ച് എട്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ അതത്ര എളുപ്പമല്ല എന്നതാണ് യാഥാര്‍ഥ്യം. 3100 മീറ്റര്‍ വരുന്ന പുലിമുട്ടിന്‍റെ 1450 മീറ്ററാണ് പൂര്‍ത്തിയായത്. പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്, 220 കെ.വി. സബ് സ്റ്റേഷന്‍, ബാക്കപ് യാര്‍ഡ്, 800 മീറ്റര്‍ ബര്‍ത്തിന്‍റെ പൈലിങ് എന്നിവ തീര്‍ന്നു. അപ്രോച്ച് റോഡ് പാതിവഴി എത്തിയിട്ടേ ഉള്ളു. 12 ലക്ഷം ടണ്‍ പാറയും 10000 അക്രോപാഡുകളും കരുതലായുണ്ട് എന്നതാണ് ആശ്വാസം. ഇതിനിടെ കടല്‍ പ്രക്ഷുബ്ധമാകുന്ന കാലവര്‍ഷക്കാലത്ത് കടലില്‍ നിര്‍മാണം നടത്താനുമാവില്ല. ഇതെല്ലാം മറികടന്ന് ഓണത്തിന് കപ്പലടുപ്പിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാഗ്ദാനം. കരാര്‍ പ്രകാരം 2018 ഡിസംബറില്‍ തീരേണ്ട പദ്ധതിയാണ് പാതിവഴിയില്‍ മുടന്തി നീങ്ങുന്നത്.

 

Vizhinjam port construction to start soon;says Minister