നിയമസഭയിൽ ഗവർണ‍ര്‍ക്കെതിരായ നിലപാട്  കടുപ്പിച്ച് യുഡിഎഫ്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനോട് എതിർപ്പില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ  ചർച്ചയിൽ പറഞ്ഞു. അതേസമയം സർക്കാർ കൊണ്ടു വരുന്ന ബദൽ സംവിധാനം മാർക്ക്സിസ്റ്റ് വത്ക്കരണത്തിനാണെന്ന്  കാണിച്ച് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവർണരെ മാറ്റുന്ന ബില്ലിനെ സഭയിൽ പ്രതിപക്ഷം  എതിർത്തു.  കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഈ നിലപാട് രൂപീകരിച്ചത്.

 

ലീഗിന്റെ അഭിപ്രായം കണക്കിലെടുത്തതിനൊപ്പം ദേശീയ തലത്തിൽ കോൺഗ്രസിന്റെ നിലപാടും കൂടി പരിഗണിച്ചാണ് ഗവർണറെ ശക്തമായി എതിർക്കാൻ യുഡി എഫ് തീരുമാനിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാൻ നിയമസഭയ്ക്ക് അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർവകലാശാലകളുടെ സംഘി വത്ക്കരണവും മാർക്സിസ്റ്റ് വത്ക്കരണവും ഒരുപോലെ എതിർക്കും. ഭരണഘടനാ വിരുദ്ധമായ ഒരു അധികാര കേന്ദ്രത്തോടും പ്രതിപക്ഷം യോജിക്കില്ല. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചു പിടിച്ചു വയ്ക്കുന്നതും അംഗീകരിക്കാൻ ആകില്ല.

 

മുന്നണിയിൽ വിരുദ്ധ അഭിപ്രായം ഉണ്ടാകുമെന്ന ആശങ്കയും ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ സർക്കാരിനെയും ഗവർണരെയും ഒരു പോലെ എതിർക്കുന്നത് തുടരുക ഒപ്പം ഗവർണർ ചാൻസലറായി തുടരണം എന്നൊരഭിപ്രായം യുഡിഎഫിന് ഇല്ല എന്ന് വ്യക്തമാക്കുക ഇതായിരുന്നു സഭയിൽ സ്വീകരിച്ച രാഷ്ട്രീയ നീക്കം.

 

UDF on governor chancellor