രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കി മകള്‍ രോഹിണി ആചാര്യ. തിങ്കളാഴ്ച സിങ്കപ്പൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഇരുവരും സുഖമായി ഇരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിന്നാലെ, വിവിധ ഇടങ്ങളില്‍ നിന്നും പ്രശംസയേറ്റു വാങ്ങുകയാണ് മകള്‍ രോഹിണി. ഈ പ്രവൃത്തിയിലൂടെ ഭാവി തലമുറകള്‍ക്ക് മാതൃകയായി മാറുകയാണ് രോഹിണിയെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു. ഞാന്‍ നിന്നില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പിന്നാലെ മറ്റു നേതാക്കളും രോഹിണിയെ പ്രശംസിച്ച് മുന്നോട്ടു വന്നു. ഇത് കാണുമ്പോള്‍ ദൈവം തനിക്ക് ഒരു മകളെ തരാത്തതില്‍ തനിക്ക് ദുഖം തോന്നുന്നു എന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ ട്വീറ്റ് ചെയ്തു.
74 വയസ്സുകാരനായ ലാലു പ്രസാദ് യാദവിന്‍റെ രണ്ടാമത്തെ മകളാണ് നാല്‍പ്പതുകാരിയായ രോഹിണി ആചാര്യ. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അഛനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് തന്നെ ആശംസിക്കണമെന്ന് രോഹിണിയും ട്വീറ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ദൃശ്യങ്ങള്‍ ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാറിന്‍റെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പങ്കിട്ടിരുന്നു. അച്ഛന്‍റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ദൃശ്യങ്ങള്‍ പങ്കിട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകള്‍ മിസ ഭാരതിയും ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വൃക്ക മാറ്റിവയ്ക്കാനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് വൃക്ക നല്‍കാന്‍ ഇളയ മകള്‍ രോഹിണി മുന്നോട്ടു വരുന്നത്.
BJP Leader praises Lalu Prasad Yadav's daughter