ഇറാനിലെ മതകാര്യ പൊലീസ്. (ഫയൽ ചിത്രം)

ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി. പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന്  കാര്യമായൊന്നും ചെയ്യാനില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന ഇരുപത്തി രണ്ടുകാരിയുടെ മരണത്തെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭം വ്യാപിച്ചത്. 

 

സമീപകാലത്ത് ഇറാന്‍ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് മതകാര്യം പൊലീസ് സംവിധാനം നിര്‍ത്തലാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 16 നാണ് ഹിജാബ് ധരിക്കാത്തതിന് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി കൊല്ലപ്പെട്ടത്.  പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന സംശയം ഉയര്‍ന്നതോടെ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ തെരുവിലിറങ്ങി. ഹിജാബ് പരസ്യമായി കത്തിച്ചും മുടിമുറിച്ചും അവര്‍ പ്രതിഷേധിച്ചു. മതകാര്യ പൊലീസിന്റെ വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു.  സ്ത്രീകള്‍ക്കുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും മതകാര്യ പൊലീസിനെ നിരോധിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. 

 

പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിച്ചിട്ടും പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. രണ്ടുമാസത്തിനിടെ മുന്നോറോളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. രാജ്യാന്തര സമൂഹവും ഇറാനെതിരെ രംഗത്തെത്തി. ഖത്തര്‍ ലോകക്പില്‍ ഇറാന്‍ ദേശീയ ടീമും ഭരണകൂടത്തോടുള്ള പ്രതിഷേധം ദേശീയഗാനം ആലപിക്കാതെ പ്രകടിപ്പിച്ചിരുന്നു. നിവര്‍ത്തിയില്ലാതെയാണ് ഇപ്പോള്‍ മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഇറാന്‍ ഭരണകൂടം തയാറായത്. 2006 ല്‍ മഹ്മൂദ് അഹ്മദി നെജാദ് പ്രസിഡന്റായിരുന്ന കാലത്താണ് മതകാര്യ പൊലീസിന് രൂപം നല്‍കിയത്.  വസ്ത്രധാരണത്തിലുള്‍പ്പെടെ ഇസ്‍ലാമിക ആചാരങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അതിനു പിന്നാലെ സ്ത്രീസ്വാതന്ത്ര്യം വലിയ രീതിയില്‍ ഹനിക്കപ്പെട്ടിരുന്നു.