ഏകീകൃത കുർബാനയെച്ചൊല്ലി സിറോ മലബാർ സഭ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയ്ക്ക് മുന്നിൽ സംഘർഷം. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ ഒരു വിഭാഗം തടഞ്ഞു. ആർച്ച് ബിഷപ്പിന് സംരക്ഷണമൊരുക്കാൻ മറുവിഭാഗം ശ്രമിച്ചതോടെ സംഘർഷമായി. ഇരുവിഭാഗവും പള്ളിക്ക് മുന്നിൽ പ്രതിഷേധവുമായി ഉറച്ചു നിൽക്കുകയാണ്. ബസിലിക്കയില്‍ നടത്താനിരുന്ന രണ്ട് കല്യാണമടക്കം മറ്റിടങ്ങളിലേക്ക് മാറ്റി.
എറണാകുളം അങ്കമാലി അതിരൂപതയിലെ സെമിനാരിയിലും, സെന്റ് മേരീസ് ബസിലിക്കയിലും ഇന്നുമുതൽ ഏകീകൃത കുർബാന അർപ്പിക്കാനായിരുന്നു നിർദേശം. മുൻ നിശ്ചയപ്രകാരം രാവിലെ ആറുമണിക്ക്ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഏകീകൃത കുർബാനയെ എതിർക്കുന്നവർ മണിക്കൂറുകൾക്ക് മുൻപേ പള്ളിയുടെ കോംപൗണ്ടിനുള്ളിൽ നിലയുറപ്പിച്ചു. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മറുവിഭാഗം ഗേറ്റിന് വെളിയിലും തടിച്ചു കൂടി. അഞ്ചേമുക്കാലിനെത്തിയ മാർ ആൻഡ്രൂസ് താഴത്തിനെ പുറത്തുണ്ടായിരുന്നവർ കൈയ്യടിയോടെ സ്വീകരിച്ചു. അതേസമയം പള്ളി മുറ്റത്തുനിന്നവർ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു.
തുടർന്ന് തൊട്ടടുത്തുള്ള അതിരൂപതാ ആസ്ഥാനത്തേക്ക് നീങ്ങിയ മാർ ആൻഡ്രൂസ് താഴത്തിന് ഒപ്പം പോയവരിൽ ഒരു വിഭാഗം കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി. ഫ്ലക്സുകളും മറ്റും നശിപ്പിച്ചു. അതിക്രമിച്ചു കയറിയവരെ പൊലീസ് ബലമായി പുറത്തിറക്കി ഗേറ്റ് അടച്ചു. ബഹളം ഉണ്ടായതോടെ മാർ ആൻഡ്രൂസ് താഴത്ത് കുർബാന അർപ്പിക്കാതെ മടങ്ങി. ബസിലിക്കയിൽ ഈ സമയത്ത് പതിവ് രീതിയിൽ ജനാഭിമുഖ കുർബാന നടത്തി. ഇതിനിടെ ഗേറ്റ് പൂട്ടിയ ഇരുവിഭാഗവും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പള്ളി മുറ്റത്തും പുറത്തുമായി നിലയുറപ്പിച്ചു.
Clash over unified holy mass, Ernakulam