സോളര്‍ കേസ് പ്രതി സരിതാ നായരെ ആഹാരത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. സരിതയുടെ സുരക്ഷാ ജീവനക്കാരനായിരുന്ന വിനുകുമാറാണ് ഒന്നാം പ്രതി. വധശ്രമ ഗൂഡാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന ആരോപണവും സരിത പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ആഹാരത്തിലും ജൂസിലുമായി പലപ്പോഴായി വിഷം ചേര്‍ത്ത് നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് സരിത നായരുടെ പരാതി. സോളര്‍ വിവാദ സമയം മുതല്‍ അംഗരക്ഷകനേപ്പോലെ സരിതക്കൊപ്പം നില്‍ക്കുകയും ഏതാനും വര്‍ഷം മുന്‍പ് പിണങ്ങിപ്പിരിയുകയും ചെയ്ത തിരുവനന്തപുരം സ്വദേശി വിനുകുമാറിനെതിരെയാണ് പരാതി. സ്വത്ത് കൈക്കലാക്കുകയായിരുന്നു വിനുവിന്റെ ലക്ഷ്യമെന്നും ആരോപിക്കുന്നു. യാത്രക്കിടയില്‍ കരമനയിലെ കടയില്‍ നിന്ന് വാങ്ങിയ ജൂസില്‍ വിനു കയ്യിലിരുന്ന പൊടി കലര്‍ത്തുന്നത് നേരില്‍ കണ്ടതായും പറയുന്നു. അതിന് ശേഷമാണ് വിനുവിനെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. 

 

പിന്നീട് ആരോഗ്യം മോശമായപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് തുടങ്ങിയവയുടെ അമിത സാന്നിധ്യം കണ്ടതോടെയാണ് സംശയം തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. വിനുവിനൊപ്പമുള്ള ഗൂഡാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കെന്ന പരോക്ഷ ആരോപണവും പരാതിയിലുണ്ട്. ഏതാനും മാസം മുന്‍പ് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. മെഡിക്കല്‍ സംഘത്തെ രൂപീകരിച്ച് ശാസ്ത്രീയ വിലയിരുത്തലുകളുള്‍പ്പെടെ നടത്തി അന്വേഷിക്കുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. 

 

Crime branch registered a case and started investigation on the Saritha S Nair complaint.