ഭരണഘടനയിലെ മൂല്യങ്ങള്‍ നിരന്തരം ചോദ്യംചെയ്യുന്ന കാലത്ത് മറ്റൊരു ഭരണഘടനാ ദിനം കൂടി കടന്നുപോകുന്നു.  'സംവിധാൻ ദിവസ് ' എന്നും ഈ ദിനം അറിയപ്പെടുന്നു.  1949-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ സ്മരണയ്‌ക്കായാണ് ഈ ദിനത്തെ ഭരണാഘടനാ ദിനമായി രാജ്യം ആചരിക്കുന്നത്. ഇതിനുപുറമേ ദേശീയ നിയമ ദിനമെന്നും നവംബർ 26  അറിയപ്പെടുന്നു. 

 

രാജ്യങ്ങളുടെ ഭരണഘടന രണ്ടുതരമുണ്ട്. ലിഖിത ഭരണഘടനയും, അലിഖിത ഭരണഘടനയും. ലോകത്ത് എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത്.  'നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ , മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു'എന്ന വാചകത്തോടെയാണ്  ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇന്ത്യൻ ഭരണഘടന യഥാർത്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നത് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ്. പ്രേം ബിഹാരി നരേൻ റൈസാദയാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയ്യാറാക്കിയത്.  രണ്ടുവർഷവും 11 മാസവും 17 ദിവസവുമെടുത്താണ് 395 വകുപ്പുകളും 8 പട്ടികകളുമുള്ള ഭരണഘടന തയ്യാറാക്കിയത്.

 

പൗരന്മാർക്ക് നീതിയും, തുല്യതയും, സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ ഭരണഘടന ആഹ്വാനം ചെയ്യുന്നു. അമേരിക്ക, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ പ്രദേശങ്ങൾ എവിടെയൊക്കെയാണ്, രാജ്യത്തെ പൗരൻ ആയിരിക്കണമെങ്കിൽ അയാൾക്കുണ്ടാവേണ്ട അടിസ്ഥാന യോഗ്യതകളും, അയാൾ പാലിക്കേണ്ട കർത്തവ്യങ്ങളും, ഗവൺമെന്റിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ  അധികാരങ്ങൾ എന്തൊക്കെയാണ് അയാളുടെ പരിമിതികൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിവരിച്ചു തരുന്ന രേഖയാണ് ഭരണഘടന. 

 

ഭരണഘടനയില്‍ വരുത്തുന്ന കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളുമാണ് ഭേദഗതി എന്ന് അറിയപ്പെടുന്നത്. ഭരണഘടനയുടെ 368–ാം വകുപ്പില്‍ ഭേദഗതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.  ഡോ.ബി.ആർ അംബേദ്കറാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവ്. 1947 ഓഗസ്റ്റ് 29ന് കോൺസ്റ്റിറ്റ്യൂഷൻ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി അംബേദ്കർ നിയമിതനായി. 2015 ഒക്ടോബർ 15 ന് അദ്ദേഹത്തിന്റെ 125–ാം ജന്മദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന ദിന പ്രഖ്യാപനം നടത്തിയത്. അന്നുമുതൽ നവംബർ 26 ഭരണഘടനാ ദിനമായും ആചരിച്ചുതുടങ്ങി. 

 

ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഇന്നും പ്രസക്തമാണ്. ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും ദലിതരുമടങ്ങുന്ന വലിയൊരു വിഭാഗം ന്യൂനപക്ഷത്തിന് അംബേദ്കർ ഭരണഘടനയിൽ പ്രാധാന്യം നൽകി. ഇന്ന് ഈ ന്യൂനപക്ഷത്തിനു നേരെയുള്ള ആക്രമണങ്ങൾ കൂടി വരികയാണ്. ജാതി, മത, വർഗ, വർണ, ലിംഗ വിവേചനമില്ലാതെ രാജ്യത്തെ പൗരന്മാർക്ക് തുല്യതയും സമത്വവുമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ വർഷം ഇത്ര കഴിഞ്ഞിട്ടും ഇത് പൂർണമായി സമൂഹത്തിൽ നടപ്പാകുന്നില്ല. ആക്രമണങ്ങളും, ദലിത് കൊലപാതകവും, വർണ വർഗ വിവേചനവും വർദ്ധിക്കുമ്പോൾ ഭരണഘടന എഴുതപ്പെട്ട വെറും പുസ്തകം മാത്രമായി അവശേഷിക്കുകയാണ് എന്ന വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. 

 

ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കാനുള്ള കാരണമാണ്. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ദിനത്തിന് പ്രധാന്യമേറുന്നത്. വെറുതെ ആഘോഷിച്ചു പോകാനുള്ളതല്ല സാദാ അനുവർത്തിക്കാനുള്ളതാണ് ഭരണഘടനയില്‍ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങള്‍. ഇത്തരത്തിൽ മൗലിക അവകാശങ്ങളെക്കുറിച്ചും മൗലിക കർത്തവ്യങ്ങളെ കുറിച്ചും പൗരന്മാരിൽ അവബോധമുണ്ടാക്കുക എന്നതാണ് ഭരണഘടനാ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.