വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന വിവാദപരാമർശവുമായി പൊതുവേദിയിൽ ബാബ രാംദേവ്. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പിൽ സംസാരിക്കുമ്പോഴായിരുന്നു രാം ദേവ് വിവാദ പരാമർശം നടത്തിയത്.

'സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. എന്റെ കണ്ണിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായിട്ടാണ് കാണപ്പെടുന്നത്'. ഇതായിരുന്നു രാംദേവ് നടത്തിയ വിവാദ പരാമർശം.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻറെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു. ഇവരുടെ മുൻപിൽ വെച്ചാണ് രാം ദേവ് വിവാദ പരാമർശം നടത്തിയത്. അമൃത ഫഡ്‌നാവിസിന്റെ ആരോഗ്യകരമായ ജീവിതശൈലിയേയും രാംദേവ് പ്രശംസിച്ചു. 'എപ്പോഴും ചെറുപ്പമായിരിക്കാൻ ഇവർ ഏറെ ശ്രദ്ധിക്കുന്നു. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇങ്ങനെ ചെറുപ്പമായി തുടരുമെന്നാണ് എന്റെ വിശ്വാസം' രാം ദേവ് കൂട്ടിച്ചേർത്തു.

'സ്ത്രീകൾക്കെതിരായ വിവാദ പ്രസ്താവനയെയും സ്ത്രീകൾക്കെതിരായ അദ്ദേഹത്തിന്റെ അപകീർത്തികരമായ വീക്ഷണങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. രാംദേവിന്റെ പ്രസ്‌താവനയിലൂടെ അദ്ദേഹത്തിന്റെ യഥാർത്ഥ മനോഭാവം വെളിപ്പെട്ടിരിക്കുകയാണ്.' സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു. 

രാംദേവിന്റെ അഭിപ്രായപ്രകടനത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പരാമർശത്തെ അപലപിച്ച് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. 'മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യക്ക് മുന്നിൽ സ്ത്രീകളെ കുറിച്ച്  രാംദേവ് നടത്തിയ പരാമർശം അസഭ്യവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിക്കുന്നതാണ്.  ബാബാ രാംദേവ് രാജ്യത്തോട് മാപ്പ് പറയണം.' സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

Yoga Guru Baba Ramdev Makes Sexist Remarks about Women