മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. നരഹത്യാ കേസ് ഒഴിവാക്കിയ കീഴ്ക്കോടതി നടപടിക്കെതിരെയാണ് സർക്കാർ നീക്കം. ശ്രീറാമിനെതിരെ നരഹത്യ കേസ് നിലനിൽക്കുമെന്ന് കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് കീഴ്ക്കോടതി മനപ്പൂർവമുള്ള നരഹത്യ കേസ് ഒഴിവാക്കിയത്. വിഡിയോ റിപ്പോർട്ട് കാണാം.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒരു മണിക്ക് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നതിനു തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അപകടം നടന്നയുടനേ രക്ത സാമ്പിള്‍ പരിശോധിക്കണമെന്ന നടപടിക്രമം പൊലീസ് പാലിക്കാത്തതോടെ , ഏറെ വൈകിയെടുത്ത രക്തസാമ്പിളില്‍ മദ്യത്തിന്‍റെ അളവില്ലെന്നായിരുന്നു കെമിക്കല്‍ അനാലിസിസ് ലാബിന്‍റെ റിപ്പോര്‍ട്ട്. ഇതോടെയാണ് മനഃപൂർവമായ നരഹത്യ എന്നതിൽ നിന്ന് മനഃപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പിലേക്ക് കേസ് മാറിയിരുന്നത്.
Kerala Govt appeal in High Court