ക്രിസ്മസ്–പുതുവല്‍സര ആഘോഷങ്ങളില്‍ പങ്കെടുക്കാനായി നാട്ടില്‍ പോകാനൊരുങ്ങുന്ന ചെന്നൈ, ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിത്തുടങ്ങി. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായാണു വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തിയത്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രക്കൊരുങ്ങിയവര്‍ നിരാശരായി.
ബെംഗളുരു– കൊച്ചി റൂട്ടില്‍ അടുത്ത വ്യാഴാഴ്ചയുള്ള ടിക്കറ്റ് നിരക്കാണിത്. 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ വേണ്ടത് 20000 രൂപയില്‍ താഴെ മാത്രം. എന്നാല്‍ ക്രിസ്മസ്–പുതുവല്‍സ ആഘോഷനാളുകളിലാണു യാത്രയെങ്കില്‍ കീശ നല്ലോണം ചോരും. ഇപ്പോഴത്തെ ബുക്കിങ് നിരക്കു തുടങ്ങുന്നതു തന്നെ 9889 രൂപ മുതല്‍. അതായത് നാലംഗ കുടുംബം മൊത്തം യാത്രചെലവുകള്‍ക്കുമാത്രമായി നാല്‍പതിനായിരം രൂപയെങ്കിലും കണ്ടെത്തണം. സ്വകാര്യ ബസ് കമ്പനികളെ പോലെ തന്നെ തിരക്കുനോക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണു വിമാനക്കമ്പനികളും. സമാന അവസ്ഥയാണു ചെന്നൈയില്‍ നിന്നുമുള്ള കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും. ഉല്‍സവകാലം മുന്‍കൂട്ടികണ്ട് ഇപ്പോഴേ ഇരട്ടിതുകയാണു ബുക്കിങ് ആപ്പുകള്‍ ഈടാക്കുന്നത്.
Hefty increase in flight charges to kerala ahead of festival season