covidwater-13

കോവിഡില്‍ കൈത്താങ്ങായവരെ വഞ്ചിച്ച് സര്‍ക്കാര്‍. എട്ടുമാസം കോവിഡ് സെന്ററായി പ്രവര്‍ത്തിച്ച ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററിന്റെ അക്കാലത്തെ വൈദ്യുതി-കുടിവെള്ള ബില്ലുകള്‍ അടയ്ക്കാന്‍ വിസമ്മതിച്ച് ജില്ലാഭരണകൂടം. കുടിശികയായതിനെ തുടര്‍ന്ന് കുടിവെള്ളം കണക്ഷന്‍  ജലവിഭവവകുപ്പ് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചു.  

 

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് ആരും പറയാതെ എഫ്എല്‍ടിസിക്ക് കെട്ടിടം വിട്ടുകൊടുത്തതാണ് ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍. 2020 മേയ് മുതല്‍ നവംബര്‍ വരെ എട്ട് മാസകാലം കോവിഡ് രോഗികള്‍ക്കും കോവിഡ് പോരാളികള്‍ക്കും അത്താണിയായിരുന്നു ഈ മന്ദിരം. എഫ്എല്‍ടിസിയായി പ്രവര്‍ത്തിച്ചകാലത്ത് നൂറുകണക്കിന് രോഗികള്‍ക്ക് ഇവിടെ ചികില്‍സയൊരുക്കി. ഒരു കെട്ടിടം എഫ്എല്‍ടിസിസായി പ്രവര്‍ത്തിച്ചപ്പോള്‍ മറ്റൊരെണ്ണം കോവിഡ് മുന്നണിപോരാളികളായ പൊലീസുകാര്‍ക്ക് തണലൊരുക്കി. ഡിസംബര്‍ തിരികെ ലഭിച്ചപ്പോള്‍ മുഴുവന്‍ മുറികളും നശിച്ച മട്ടിലായിരുന്നു. 

 

കെട്ടിടം വീണ്ടും ഉപയോഗയോഗ്യമാക്കാനുള്ള തുക നല്‍കിയില്ലെന്ന് മാത്രമല്ല ഈ കാലയളവിലെ വൈദ്യുതി ശുദ്ധജല കണക്ഷന്‍ ബില്ലുകള്‍ അടയ്ക്കാനും ജില്ലാ ഭരണകൂടം തയാറായില്ല. 44151 രൂപ ജല ബില്ലും, എഴുപതിനായിരം രൂപ വൈദ്യുതി ബില്ലിലും കുടിശികയാണ്. ജല അതോറിറ്റി അധികൃതര്‍ കണക്ഷന്‍ വിച്ഛേദിച്ചിട്ടും ഇതൊന്നും അറിഞ്ഞ മട്ടിലല്ല ജില്ലാ ഭരണകൂടം. എറണാകുളം ജില്ലയില്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ വിട്ടുനല്‍കിയ പല സ്ഥാപനങ്ങളും സമാന അവസ്ഥ തന്നെയാണ് നേരിടുന്നത്. കെട്ടിടങ്ങള്‍ നവീകരിക്കാന്‍ ചെലവഴിച്ച തുകപോലും പലര്‍ക്കും ലഭിച്ചിട്ടില്ല.

 

water supply disconnected in Alpha pastoral centre