ഉത്സവകാലത്തെ അന്തര്‍സംസ്ഥാന ബസുകളുടെ കൊള്ള തടയാന്‍ തമിഴ്നാട് മോഡല്‍ നടപടി വേണമെന്ന ആവശ്യവുമായി മറുനാടന്‍ മലയാളികള്‍ രംഗത്ത്. കഴിഞ്ഞ പൂജ–ദീപാവലി കാലത്തു സര്‍ക്കാര്‍ മുന്‍കൈ എടുത്തു മുന്‍കൂട്ടി നിരക്കു പ്രഖ്യാപിച്ചാണ് അവസാന മണിക്കൂറുകളിലെ കൊള്ള തടഞ്ഞത്. കേരള സര്‍ക്കാരും സമാന നീക്കം നടത്തിയാല്‍ കീശചോരാതെ നാട്ടിലെത്താമെന്നാണു ബെംഗളുരുവിലെയും ചെന്നൈയിലെയും മലയാളികള്‍ ഒന്നടങ്കം പറയുന്നത്.

 

ദീപാവലി,പൂജ ഉത്സവകാലങ്ങളില്‍ കുറഞ്ഞതു 10 ലക്ഷം പേരെങ്കിലും ചെന്നൈയില്‍ നിന്നു സ്വന്തം ജില്ലകളിലേക്കു മടങ്ങുന്നുവെന്നാണ് കണക്ക്. പകുതിയിലധികം പേര്‍ക്ക് ആശ്രയം ഒംമ്നി ബസെന്നു വിളിപ്പേരുള്ള സ്വകാര്യബസുകളെയാണ്. മുന്‍വര്‍ഷം വരെ ഉടമകള്‍ തോന്നിപോലെയാണു നിരക്കു നിശ്ചയിച്ചത്. ഇത്തവണ അതുണ്ടായില്ല. സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദീപാവലിക്കു രണ്ടാഴ്ച മുന്‍പു തന്നെ  ഒംമിനി ബസ് അസോസേഷന്‍ ഉത്സവകാല നിരക്ക് പ്രഖ്യാപിച്ചു. ഒരു സ്ഥലത്തേക്കുള്ള കുറഞ്ഞതും കൂടിയതുമായി നിരക്കാണു വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നിട്ടും പരാതി ഉയരുക സ്വഭാവികമാണ്. അതുനേരിടാനുള്ള നടപടിയും സര്‍ക്കാര്‍ എടുത്തു.

 

പ്രഖ്യാപിച്ച നിരക്കാണോ ബസുകള്‍ ഈടാക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഗതാഗതമന്ത്രി എസ്.എസ്. ശിവങ്കര്‍ തന്നെ ഉത്സവസമയങ്ങളില്‍ ബസുകളില്‍ കയറി ഇറങ്ങി. ഇതോടെ അമിത നിരക്കിനു കടിഞ്ഞാണുവീണു. ബസ് ഉടമകളെകൊണ്ട് മുന്‍കൂട്ടി നിരക്കു പ്രഖ്യാപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാണു പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി ഗതാഗത വകുപ്പ് ബസ് ഉടമകളുടെ യോഗം വിളിക്കണമെന്നും ആവശ്യം ഉയര്‍ന്നു. അടുത്ത വര്‍ഷത്തേക്ക് എങ്കിലും തോന്നിയപടിയുള്ള നിരക്കുവര്‍ധനക്കെതിരെ നടപടികളുണ്ടാവണമെന്നാണ് ആവശ്യം.

 

Kerala should implement tamilnadu model to regulate interstate busfare