engpak-13

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം. സാം കറന്‍ നാലോവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. 38 റണ്‍സെടുത്ത ഷാന്‍ മസൂദാണ് പാക് നിരയിലെ ടോപ് സ്കോറര്‍. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ക്യാപ്റ്റൻ ബാബര്‍ അസം 32 റൺസ് നേടി. മുഹമ്മദ് റിസ്വാനും ഷൊയബ് ഖാനുമാണ് ഇവർക്ക് പുറമേ രണ്ടക്കം കടക്കാനായത്. 

അഞ്ചാം ഓവറിൽ മുഹമ്മദ് റിസ്‍വാനെ പുറത്താക്കി സാം കറനാണ് പാക്കിസ്ഥാന് ആദ്യ തിരിച്ചടി നൽകിയത്. സ്കോർ 29ൽ നിൽക്കെ കറന്റെ പന്തിൽ റിസ്‍വാൻ ബോൾ‍‍ഡാകുകയായിരുന്നു. വൺ ഡൗണായിറങ്ങിയ മുഹമ്മദ് ഹാരിസ് ആദിൽ റാഷിന്റെ ബോളിൽ ബെന്‍ സ്റ്റോക്സിന്റെ ക്യാച്ചില്‍ പുറത്തായി. തുടര്‍ന്ന് പാക്കിസ്ഥാൻ ക്യാപ്റ്റനും ഷാൻ മസൂദും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം പാക്കിസ്ഥാൻ സ്കോർ 80 കടത്തി. ബാബറിന്റെ പുറത്താകലിനു ശേഷം വന്ന ഇഫ്തിക്കർ അഹമ്മദിനും (പൂജ്യം), മുഹമ്മദ് നവാസിനും (അഞ്ച്), മുഹമ്മദ് വാസിമിനും (നാല്) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ സ്കോർ കണ്ടെത്തുന്നതിന് വാലറ്റവും ബുദ്ധിമുട്ടിയതോടെ പാക്കിസ്ഥാൻ സ്കോർ  137ൽ ഒതുങ്ങി.

ഇംഗ്ലണ്ടിനായി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദില്‍ റാഷിദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി. സെമി ഫൈനലിൽ ഇന്ത്യയെ തോൽപിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് ഫൈനൽ പോരാട്ടത്തിൽ കളിക്കുന്നത്. പാക്കിസ്ഥാൻ ടീമിലും മാറ്റങ്ങളില്ല.

T20 World cup: England needs 138 to win