മ്യാന്‍മറില്‍ സായുധസംഘം തടവിലാക്കിയിരുന്ന ഐ.ടി. പ്രഫഷനലുകളിലെ ആദ്യമലയാളി നാട്ടിലെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രനാണു എട്ട് തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം പുലര്‍ച്ചെ ചെന്നൈയില്‍ വിമാനമിറങ്ങിയത്. എംബസി തലത്തില്‍ സമ്മര്‍ദം ശക്തമായതോടെ വൈശാഖ് ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘത്തെ സായുധ സംഘം മ്യാന്‍മര്‍–തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം മനോരമ ന്യൂസ് പുറത്തുവിട്ടതിനെ തുടര്‍ന്നു വൈശാഖിന്റെ യാത്രാച്ചെലവ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണു വീടണയാനുള്ള തടസങ്ങള്‍ നീങ്ങിയത്.
തോക്കിന്‍മുനയിലുള്ള ജീവിതം, ഉറ്റവരെയും ഉടയവരെയും ഒരിക്കല്‍ കൂടി കാണുമെന്നതു സ്വപ്നം കാണാന്‍പോലും കഴിയാത്തിടത്തു നിന്നു വൈശാഖ് അടക്കം 9പേര്‍ നാടിന്റെയും വീടിന്റെയും കരവയങ്ങളിലേക്കിറങ്ങിവരികയാണ്. ഒക്ടോബര്‍ 13നാണു 9പേരെ സായുധ സംഘം മ്യാന്‍മര്‍–തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. തായ്‌ലന്‍ഡിെലത്തിയ തമിഴ്നാട്ടുകാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ വിമാനടിക്കറ്റുകള്‍ നല്‍കിയപ്പോള്‍ വൈശാഖ് ഒറ്റപ്പെട്ട കാര്യം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതിനു പിറകെ നോര്‍ക്ക പ്രശ്നത്തില്‍ ഇടപെട്ടു. ചെന്നൈ നോഡല്‍ ഓഫിസര്‍ അനു പി. ചാക്കോ വഴി തമിഴ്നാട്ടുകാര്‍ക്കൊപ്പം വൈശാഖിനും നാട്ടിലെത്താനുള്ള നടപടിയെടുത്തു. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിന് തായ്്ലാന്‍ഡിലെ 26 ദിവസത്തെ ശിക്ഷയും പൂര്‍ത്തിയാക്കിയാണ് ഇവര്‍ ചെന്നൈയിലെത്തിയത്.
തമിഴ്നാട് പ്രവാസികാര്യ മന്ത്രി കെ.എസ്. മസ്താനും കേരള സര്‍ക്കാരിനു വേണ്ടി നോര്‍ക്ക ചെന്നൈ നോഡല്‍ ഓഫിസറും ചേര്‍ന്ന് തിരിച്ചെത്തിയവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നിരവധി മലയാളികളെ സായുധ സംഘം മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിട്ടുണ്ട്. ഇവര്‍ തായ്്ലന്‍ഡ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായതിനാല്‍ ബന്ധപ്പെടാനാവുന്നില്ലെന്ന ബന്ധുക്കളുടെ പരാതിക്കിടെയാണു വൈശാഖിന്റെ മടങ്ങിവരവന്നതാണു ശ്രദ്ധേയം.
Eight people, including a Malayali, who were imprisoned in Myanmar have returned