aituc-prepares-to-strike-ag

സ്കൂൾ പാചകത്തൊഴിലാളികളുടെ അന്നംമുടക്കിയ സർക്കാരിനെതിരെ സമരത്തിനൊരുങ്ങി എഐടിയുസി. സ്കൂൾ പാചകത്തൊഴിലാളി യൂണിയന്റെ  നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കലമുടയ്ക്കൽ സമരം നടത്തും. ശമ്പളത്തിനപ്പുറം തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഉറപ്പാക്കണമെന്നാണ് ആവശ്യം. 

  

ശമ്പള കുടിശ്ശിക മുഴുവൻ തീർക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പിഎഫ്, ഇ എസ് ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ മൗനം തുടരുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ അവധിക്കാല അലവൻസ്  ഈ സർക്കാർ വെട്ടിനിരത്തി. തൊഴിൽ വകുപ്പ് ആറുവർഷം മുമ്പ് വിജ്ഞാപനം ചെയ്ത  മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും ഇതുവരെയും ലഭിച്ചില്ല. മിനിമം കൂലി നൽകണമെന്ന് കോടതി ഉത്തരവുകളും കാറ്റിൽ പറത്തി. തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് 2017ലെ മന്ത്രിമാരുടെ  പ്രഖ്യാപനവും പാഴ് വാക്കായി. കൂടെ ജോലി ചെയ്യുന്നയാളുടെ കൂലി പാചക തൊഴിലാളിയെ കൊണ്ട് കൊടിപ്പിക്കുന്ന അടിമപ്പണിയും തുടരുന്നു. സർക്കാരിനെതിരെ സമരം ചെയ്യാൻ സർക്കാരിന്റെ തന്നെ ഭാഗമായ സിപിഐയുടെ തൊഴിലാളി സംഘടനയ്ക്ക് കാരണങ്ങൾ ഏറെയാണ്.

 

തൊഴിൽ പ്രശ്നങ്ങൾ സംബന്ധിച്ച് യൂണിയനുകളുമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തോടും ഇടതു സർക്കാർ മുഖം തിരിച്ചുവെന്ന്  എഐടിയുസി ആരോപിക്കുന്നു. സ്കൂളുകൾക്ക് പണം അനുവദിക്കാതെ ഉച്ചഭക്ഷണ പദ്ധതി തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണോ സർക്കാരിന്റേതെന്ന സംശയവും ബലപ്പെടുകയാണ്. സർക്കാരിനെതിരായ സമരത്തിൽ എല്ലാ ജില്ലകളിൽ നിന്നും തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പിക്കാനാണ് എഐടിയുസിയുടെ ശ്രമം. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യും.

 

AITUC prepares to strike against the government for school cook