modi-cji

ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. മുന്‍ വര്‍ഷങ്ങളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിമാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഒഴിയുന്ന ചീഫ് ജസ്റ്റിസും പുതിയ ചീഫ് ജസ്റ്റിസും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി ഉള്‍പ്പെടെയുള്ളവരും ചേര്‍ന്ന് ഗ്രൂപ്പ്ഫോട്ടോയും എടുക്കാറുണ്ട്. 

 

ഇത്തവണ പ്രധാനമന്ത്രിയില്ലാതെയാണ് ഈ ഫോട്ടോ സെഷന്‍ നടന്നത്. 2014ല്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ചീഫ്ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നില്ല. അതിനുശേഷം എല്ലാ ചീഫ്ജസ്റ്റിസുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രിയുണ്ടായിരുന്നു. അതിനാല്‍ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എന്തുകൊണ്ട് എത്തിയില്ലെന്ന എന്നതില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. 

 

പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയവരില്‍ പ്രമുഖന്‍ ബിജെപി രാജ്യസഭ എം.പി സുബ്രമണ്യം സ്വാമിയാണ്. എത്രതവണ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസിമാരുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്ന് സുബ്രമണ്യം സ്വാമി ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തത് ധാര്‍ഷ്ട്യമാണെന്നും ഇന്ത്യന്‍ ഭരണഘടനയോടും ഭാരതീയ സംസ്കാരത്തോടുമുള്ള അവഹേളനമാണെന്നും ഡോ.സ്വാമി ട്വിറ്ററില്‍ കുറിച്ചു

 

അതേസമയം പുതിയ ചീഫ്ജസ്റ്റിസിന് അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിഫ്ജസ്റ്റിസായുള്ള അദ്ദേഹത്തിന്‍റെ കാലഘട്ടം ഫലപ്രദമായ കാലഘട്ടമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹിമാചല്‍ പ്രദേശിലാണ് പ്രധാനമന്ത്രി.

 

PM Modi was not seen at CJI Chandrachud's swearing-in