supreme-court

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. അഞ്ചംഗ ബെഞ്ചില്‍ ചീഫ്ജസ്റ്റിസ് യു.യു ലളിത് ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 10.30നായിരിക്കും സുപ്രധാന വിധിപ്രസ്താവം. 

 

 2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട നാല് വിഷയങ്ങളാണ് കോടതി തീര്‍പ്പ് കല്‍പ്പിക്കും. 

1. സാമ്പത്തിക മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സംവരണം അനുവദിക്കാന്‍ കഴിയുമോ..?

 2. സംവരണത്തിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധി മറികടക്കുന്നത് ഭരണഘടനാപരമാണോ..? 

3. സാമ്പത്തിക സംവരണത്തില്‍ നിന്ന് എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാപരമാണോ..? 

4. സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംരവണം ബാധകമാണോ...? 

 

സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തില്‍ നിന്് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.  സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്ന് പറയാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. 

 

Supreme court to pronounce verdict on validity of EWS quota today