fb-meta

ട്വിറ്ററിന് പിന്നാലെ ഫെയ്സ്ബുക്കിലും കൂട്ടപ്പിരിച്ചുവിടല്‍ വരുന്നു. വാട്സാപ്പും ഇന്‍സ്റ്റയും അടക്കമുള്ള ‘മെറ്റ’ പ്ലാറ്റ്ഫോമുകളിലെ 12,000  ജീവനക്കാരെ നടപടി ബാധിക്കും. ഓഹരിവിപണിയില്‍ നിരന്തരമായ ഇടിവ്, പരസ്യവരുമാനത്തിലെ കുറവ്, ടിക് ടോക് പോലുള്ള ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്നുള്ള വെല്ലുവിളി തുടങ്ങിയ പല ഘടകങ്ങളാണ് ഫെയ്സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയുടെ തീരുമാനത്തിന് പിന്നില്‍. അധികം വൈകാതെ ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലാകും എന്ന മുന്നറിയിപ്പുകള്‍ കൂടി മുന്‍കൂട്ടി കണ്ടാണ്  ചെലവ് ചുരുക്കല്‍ തീരുമാനം. 

സമൂഹമാധ്യമ ഉപയോഗത്തില്‍ വന്‍ വിപ്ലവമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സിലാണ് മെറ്റ സിഇഒയും ചെയര്‍മാനുമായ സക്കര്‍ബര്‍ഗിന്‍റെ ശ്രദ്ധയത്രയും. മെറ്റവേഴ്സ് പദ്ധതികള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വലിയ വളര്‍ച്ചയുണ്ടാകുന്ന ഒരു ഫോക്കസ് ഏരിയ ആയാണ് മെറ്റാവേഴ്സിനെ സക്കര്‍ബര്‍ഗ് കാണുന്നത്. 10 വര്‍ഷത്തിന് ശേഷമേ അവിടെ നിന്ന് എന്തെങ്കിലും നേട്ടം പ്രതീക്ഷിക്കുന്നുമുള്ളൂ. ഇത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഫെയ്സ്ബുക്കിന്  87,000 തൊഴിലാളികളാണ് ലോകവ്യാപകമായി ഉള്ളത്. ജോലിയില്‍ മികവ് കുറഞ്ഞ 12,000 പേരെ പിരിച്ചുവിടും എന്നാണ് ഇപ്പോഴത്തെ സൂചന  . ഇലോണ്‍ മസ്ക് ചുമതലയേറ്റതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിന് സമാനമാണ് ഫെയ്സ്ബുക്കിലും സ്ഥിതി. 

 

Meta planning massive layoff