നിയമസഭാ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.  ഇത് സംബന്ധിച്ച് ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമ ഉപദേശം സംസ്ഥാന സർക്കാർ തേടി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് സംബന്ധിച്ച നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ നിയമ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനുള്ള ഫീസായി ഫാലി എസ് നരിമാനും ജൂനിയര്‍ അഭിഭാഷകര്‍ക്കും  46.90 ലക്ഷം രൂപ അനുവദിച്ച് നിയമവകുപ്പ് ഉത്തരവിറക്കി.

 

നിയമസഭ പാസ്സാക്കിയ വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ച് വയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെയാണ് സർക്കാർ നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക്‌ അയച്ചാൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. 

 

അതേസമയം  ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഭരണഘടന ഗവർണർക്ക് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്. ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആണ് ഗവർണർക്കെതിരെ കോടതിയെ സമീപിക്കുക എന്ന അസാധാരണ നടപടിയുടെ സാധ്യതയെക്കുറിച്ച് നിയമവിദഗ്ദരുടെ ഉപദേശം തേടിയത്. ഇതിനായി ഭരണഘടന വിദഗ്ദന്‍  ഫാലി എസ് നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. 

 

നരിമാന്റെ ജൂനിയർ സുഭാഷ് ചന്ദ്രയ്ക്ക് ഒമ്പത് ലക്ഷത്തി തൊണ്ണൂറ് ആയിരം രൂപയും, സഫീർ അഹമ്മദിന് നാല് ലക്ഷം രൂപയും ക്ലാർക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ച് നിയമവകുപ്പ് ഉത്തരവിറക്കി. നിയമോപദേശം അനുകൂലമാണെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ കോടതിയെ സമീപിക്കും. ഫാലി എസ് നരിമാനെയോ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെയോ ഹാജരാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

Bills are not signed; Govt to take legal action against Governor