കോയമ്പത്തൂര്‍ കാറ് സ്ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നു കണ്ടത്തല്‍. പെട്ടികളില്‍ പഴയ തുണിത്തരങ്ങളാണെന്നായിരുന്നു ഇയാള്‍ ബധിരയും മൂകയുമായ ഭാര്യയെ വിശ്വസിപ്പിച്ചിരുന്നത്. അതിനിടെ ഐ.എസ്. പതാകയോടു സാമ്യമുള്ള അറബി എഴുത്തുകളും ജിഹാദിനെ പ്രോല്‍സാഹിപ്പിക്കുന്ന കുറിപ്പുകളും ഇയാളുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തി. അന്വേഷണ സംഘം ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഭര്‍ത്താവിന്റെ ഇത്തരം കാര്യങ്ങളെ കുറിച്ച് ഇവര്‍ക്കു കാര്യമായ വിവരമില്ലായിരുന്നുവെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം.
ഒക്ടോബര്‍ 23നു പുലര്‍ച്ചെയാണു കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ സ്ഫോടനമുണ്ടായി ജമേഷ മുബിന്‍ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കോയമ്പത്തൂര്‍ പൊലീസ് ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. 75 കിലോ സ്ഫോടക വസ്തുക്കള്‍ അടക്കം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിലാണു ഐ.എസ് പതാകയിലെ അറബി എഴുത്തിനോടു സാമ്യമുള്ള എഴുത്തുകള്‍ കണ്ടെടുത്തത്. സ്ലേറ്റില്‍ എഴുതിയതാണിത്. മറ്റൊരു പേപ്പറില്‍ ജിഹാദ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമല്ല യുവാക്കള്‍ക്കുള്ളതാണന്നും പറയുന്നുണ്ട്. ആരാധനലയം തൊട്ടവരെ പേരോടെ പിഴുതെറിയുമെന്ന ഭീഷണിക്കുറിപ്പും കണ്ടെടുത്തു. അതേ സമയം ജമേഷ മുബീന്റെ ഭാര്യ നസ്റത്തിനു സ്ഫോടനകാര്യങ്ങളുമായോ ഭര്‍ത്താവിന്റെ ബന്ധങ്ങളെ കുറിച്ചോ കൃത്യമായ വിവരമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. അന്തര്‍മുഖനായിരുന്ന ഇയാള്‍ മറ്റാളുകളോട് ഇടപഴകുന്നതും വളരെ കുറവായിരുന്നു. സ്ഫോടന സ്ഥലത്തു നിന്നു കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്തു രോമങ്ങള്‍ നീക്കിയ നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിനു തീരുമാനിച്ച് ഉറപ്പിച്ചവര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കൈമാറി