punjab-Sudhir-Suri-shot-car

പഞ്ചാബില്‍ ശിവസേന നേതാവ് സൂധീര്‍ സൂരിയെ പട്ടാപ്പകല്‍ വെടിവച്ച് കൊലപ്പെടുത്തി. അമൃത്സറില്‍ ധര്‍ണാസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം. വെടിവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശിവസേന നടത്തിയ പ്രകടനം അക്രമാസക്തമായി. വിഡിയോ കാണാം. 

അമൃത്സറിലെ ഒരു ക്ഷേത്രത്തിന് മുന്നില്‍ ധര്‍ണാസമരം നടത്തുന്നതിനിടിയൊണ് സൂധീര്‍ സൂരിയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സൂരിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെടിയുതിര്‍ത്തത് അമൃത്സറിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന സന്ദീപ് സീങെന്നയാളാണെന്നാണ് വിവരം. ഇയാളെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്ക്കാനുപയോഗിച്ച പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് സിങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സുധീര്‍ സൂരിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തുവന്നു. പൊലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ഉള്‍പ്പെടേ തകര്‍ത്തു. പ്രതിഷേധം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പൊലീസ് സുരക്ഷ ശക്തമാക്കി. 

സുധീര്‍ സൂരി നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വലിയ വിവാദമായിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ദു മുസേവാലയെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് മാസങ്ങള്‍ക്കകമാണ് പഞ്ചാബില്‍ സമാനമായ രീതിയില്‍ മറ്റൊരു പ്രമുഖന്‍ കൊല്ലപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം ഇതോടെ കൂടുതല്‍ ശക്തമാകും. 

 

Story Highlights: Shiv Sena leader Sudhir Suri shot at in Punjab's Amritsar