മരുന്ന് കുത്തിവച്ചയുടന്‍ യുവതി കുഴഞ്ഞുവീണു മരിച്ചതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് ഗുരുതര പിഴവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാര്‍ശ്വഫല പരിശോധന നടത്താതെയാണ് രണ്ടാം ഡോസ് കുത്തിവയ്പ് എടുത്തതെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടും. പൊലീസിന്‍റെ ശുപാര്‍ശ രണ്ടുദിവസത്തിനകം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറും. 

 

പനി ബാധിച്ചെത്തിയ കൂടരഞ്ഞി സ്വദേശി സിന്ധുവിനെ ഒക്ടോബര്‍ 27ന് രാവിലെയാണ് കുത്തിവയ്പ്പെടുത്തത്. തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കുത്തിവയ്പ്പെടുത്തതിൽ ഗുരുതര വീഴ്ച്ചയാണ് ഉണ്ടായത്. പാര്‍ശ്വഫല പരിശോധന നടത്തിയില്ല എന്നതാണ് ഇതില്‍ പ്രധാനം. നഴ്സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ഥിയാണ് കുത്തിവെപ്പെടുത്തത്. ഇതിന് പുറമേ അസ്വസ്ഥതയുണ്ടെന്ന് അറിയിച്ചപ്പോള്‍ ഹെഡ് നഴ്സ് വിഷയം ഗൗരവമായെടുത്തില്ല. അതൊക്കെയുണ്ടാകുമെന്നായിരുന്നു ഹെഡ് നഴ്സിന്‍റെ മറുപടി. എന്തെങ്കിലും റിയാക്ഷന്‍ ഉണ്ടായാല്‍ ഉടന്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ല. സംഭവം നടന്ന് 20 മിനിറ്റിനു ശേഷമാണ് ഡോക്ടര്‍ എത്തി പരിശോധന നടത്തിയത്. 

 

ആദ്യഡോസില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലെങ്കില്‍ പോലും രണ്ടാം ഡോസിലും മൂന്നാം ഡോസിലും അപകട സാധ്യതയുള്ള മരുന്നാണ് ബെന്‍സൈന്‍ പെന്‍സിലിന്‍ എന്ന മരുന്ന്. ഡെങ്കിപനി ഉണ്ടാകുന്ന അവസ്ഥയിലാണ് സാധാരണ ഈ മരുന്ന് ഉപയോഗിക്കാറ്. എന്നാല്‍ സിന്ധുവിന് ഡെങ്കിപനി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടും ഇതേ മരുന്ന് നല്‍കിയത് എന്തിനെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ഡിഎംഒ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെടും. സിന്ധുവിന്‍റെ മരണകാരണം മരുന്ന് മാറി കുത്തിവച്ചതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ മരുന്ന് മാറിയതല്ലെന്നും പാര്‍ശ്വഫലമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

 

test dose not injected to lady ;  serious evidence against calicut medical college in police report