TAGS

പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ  ഭര്‍ത്താവും ഭര്‍ത്തൃമാതാവും തട്ടികൊണ്ടുപോയതായി യുവതിയുടെ പരാതി. മലപ്പുറം മങ്കട സ്വദേശിനിയാണ് കോഴിക്കോട് ചേവായൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണിത്. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോർട്ട് കാണാം. 

ഒരു വര്‍ഷം മുമ്പാണ് മങ്കട സ്വദേശിനിയും പൂളക്കടവ് സ്വദേശി ആദിലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 15 ദിവസം കഴിഞ്ഞതിനു പിന്നാലെ ആദില്‍ യുവതിയെ  മാനസികമായി  പീഡിപ്പിക്കാന്‍ തുടങ്ങി. പ്രസവത്തിനു പോലും ഈ യുവതിയെ സ്വന്തം വീട്ടിലേക്ക് വിട്ടില്ല.  വീട്ടില്‍ കുടുംബവഴക്ക് സ്ഥിരമായി. ഇന്നലെ രാത്രിയും വഴക്കുണ്ടായി. തന്നെ മങ്കടയിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് യുവതി വീട്ടുകാരെ വിളിച്ചറിയിച്ചു. തുടര്‍ന്ന് അവര്‍ ഇന്ന് രാവിലെ എത്തി. പക്ഷെ ഭര്‍ത്താവ് ഇതിന് അനുവദിച്ചില്ല. ഇക്കാര്യം പൊലിസില്‍ പരാതി പറയാന്‍ എത്തിയപ്പോഴാണ് ഭര്‍ത്താവും ഭര്‍തൃമാതാവും കുഞ്ഞിനേയുംകൊണ്ട് പോയത്.  

കുഞ്ഞിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച്  ആദിലിനേയും മാതാവ് സാക്കിറയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടികൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍  ചുമത്തി ചേവായൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.