സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് ചാനല്‍ നടത്തിപ്പോ, സംപ്രേഷണമോ പാടില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം. കേന്ദ്രസര്‍ക്കാരിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. പ്രസാര്‍ ഭാരതിയുമായി ചേര്‍ന്ന് മാത്രമേ സംപ്രേഷണം അനുവദിക്കൂ. വാര്‍ത്താവിതരണമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. കേരളവും തമിഴ്നാടും ആന്ധ്രയും അടക്കം വിവിധ സംസ്ഥാനങ്ങള്‍ ചാനലുകള്‍ നടത്തുന്നുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.
ചാനല്‍ നടത്തിപ്പ്, സംപ്രേഷണം എന്നിവയുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യയുടെ ശുപാര്‍ശയും നിയമന്ത്രാലയത്തിന്‍റെ ഉപദേശവും പരിഗണിച്ചാണ് വാര്‍ത്താവിതരണമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ കേസിലെ സുപ്രീംകോടതി വിധിയും കണക്കിലെടുത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ എന്നിവയ്ക്ക് സ്വന്തമായി ചാനല്‍ നടത്തിപ്പോ, സംപ്രേഷണമോ അനുവദിക്കില്ല. പ്രസാര്‍ഭാരതി വഴിയേ നിലവിലെ സംപ്രേഷണം തുടരാന്‍ സാധിക്കൂ. 2023 ഡിസംബര്‍ 31വരെ ഇതിന് സമയം നല്‍കി. ചാനലിന്‍റെ ഉടമസ്ഥാവകാശത്തിന് തടസമില്ല. പ്രസാര്‍ ഭാരതിയുമായി സംപ്രേഷണത്തിന് ധാരണാപത്രം ഒപ്പുവയ്ക്കേണ്ടിവരും.
കേരളത്തില്‍ വിക്ടേഴ്സ് ചാനല്‍, തമിഴ്നാട്ടില്‍ കല്‍വി ടിവി, അരസ് കേബിള്‍,ആന്ധ്രയില്‍ െഎപി ടിവി എന്നിവ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താവിതരണമേഖലയുമായി ബന്ധപ്പെട്ട ലൈസന്‍സിങ്, നിയമനിര്‍മാണം എന്നിവ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രസാര്‍ ഭാരതിയുമായി കരാര്‍ ഒപ്പിടുന്നതുവരെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ചാനലുകളുടെ പ്രവര്‍ത്തനം തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlight: State Govts Can No Longer Run Independent Broadcast Activities: I&B Ministry