കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചൻ ജയിൽ  മോചിതനായി. സുപ്രീം കോടതി  ശിക്ഷാ ഇളവ് അനുവദിച്ചതോടെയാണ് 22 വർഷം നീണ്ട ജയിൽവാസത്തിന് അവസാനമായത്. എല്ലാം പിന്നെ പറയാമെന്നായിരുന്നു മണിച്ചന്റെ പ്രതികരണം. വിഡിയോ റിപ്പോർട്ട് കാണാം. 

തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിന്റെ കവാടം കടന്ന് മണിച്ചൻ എന്ന ചിറയിൻകീഴുകാരൻ ചന്ദ്രൻ പുറത്തിറങ്ങുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ മദ്യദുരന്തത്തിന്റെ നിയമ ചരിത്രം കൂടിയാണ് പൂർത്തിയാകുന്നത്. കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട അവസാന പ്രതിയ്ക്കും മോചനം. അതും മദ്യദുരന്തം നടന്ന് 22 വർഷം തികയുന്ന അതേ ദിവസം. സഹോദരനും മകനും ചേർന്ന് പുറത്തിറക്കിയ മണിച്ചന് ചിറയിൻ കീഴിലെ എസ്എൻഡിപി ഭാരവാഹികൾ മഞ്ഞ ഷാൾ അണിയിച്ച് സ്വീകരിച്ചു.

2000 ഒക്ടോബർ 21നാണ് 31 പേരുടെ ജീവനും ആറ് പേരുടെ കാഴ്ചാ ശക്തിയും നഷ്ടപ്പെടുത്തിയ മദ്യ ദുരന്തമുണ്ടായത്. തെക്കൻ കേരളത്തിലെ മദ്യരാജാവ് എന്ന് അറിയപ്പെട്ടിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നുള്ള സ്പിരിറ്റിൽ മെഥനോൾ എന്ന വിഷാംശം ചേർത്തതായിരുന്നു ദുരന്തകാരണം. നാഗർകോവിലെ ഒളിയിടത്തിൽ നിന്ന് പിടിച്ച മണിച്ചനെ മരണം വരെയും തടവിനാണ് ശിക്ഷിച്ചത്. 22 വർഷം ശിക്ഷ പൂർത്തിയയതോടെ പ്രായാധിക്യവും നല്ല നടപ്പും കണക്കിലെടുത്ത് ആദ്യം സർക്കാരും പിന്നീട് സുപ്രീം കോടതിയും ശിക്ഷാ ഇളവ് നൽകുകയായിരുന്നു. അറസ്റ്റ് സമയത്ത് രാഷ്ട്രീയ വിവാദമായിരുന്നെങ്കിലും മോചിതനായ മണിച്ചൻ എല്ലാം പിന്നെ പറയാമെന്ന് മാത്രമാണ് പ്രതികരിച്ചത്.