tharoor-kharge--

തോറ്റിട്ടും ജയിച്ചത് ശശി തരൂരാണ്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരെ ഒറ്റക്ക് പൊരുതാനിറങ്ങി, തരൂര്‍ പിടിച്ച 1072 വോട്ടിന് പതിനായിരത്തിന്‍റെ മാറ്റുണ്ട്. തരൂരിനൊപ്പം തിരുത്തല്‍വാദവുമായി രംഗത്തിറങ്ങിയ ജി 23 നേതാക്കളെല്ലാം മല്‍സരം വന്നപ്പോള്‍ കളംമാറി ഖര്‍ഗെയ്ക്കൊപ്പം പോയി. പക്ഷേ പറഞ്ഞവാക്കിന് മാറ്റമില്ല എന്നതില്‍ തരൂര്‍ ഉറച്ചു നിന്നു. പരാജയശേഷവും പാര്‍ട്ടിയോടും ഗാന്ധികുടുംബത്തോടുമുള്ള കൂറ് ആവര്‍ത്തിച്ച അദ്ദേഹം എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും എന്നതിനും അടിവരയിട്ടു. 

സമവായമായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ ആഗ്രഹിച്ചത്. പക്ഷേ പിന്‍മാറാന്‍ ശശി തരൂര്‍ തയാറാവാതിരുന്നതോടെ ഖര്‍ഗെയും പാര്‍ട്ടിയും ഒരു മല്‍സരത്തിന് നിര്‍ബന്ധിതരായി. സോണിയ ഗാന്ധിയുടെ പിന്തുണയുള്ള ഖര്‍ഗെയ്ക്കെതിരെ മല്‍സരിക്കുകയോ, മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരം എംപിയെക്കുറിച്ച്  അമര്‍ഷം കൊണ്ടു. സ്വന്തം സംസ്ഥാനമായ കേരളത്തിലെ നേതൃത്വം ആദ്യമെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. സോണിയഗാന്ധിയോട് തോറ്റമ്പിയ ജിതേന്ദ്രപ്രസാദയുടെ  ഗതിവരുമെന്ന് പലരും പരിഹസിച്ചു. പക്ഷേ ശശി തരൂരെന്ന രാഷ്ട്രതന്ത്രജ്ഞന്‍ കുലുങ്ങിയില്ല.  സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും നേരില്‍ക്കണ്ട് തന്‍റെ തീരുമാനമറിയിച്ചു. ജി 23 എന്ന തിരുത്തല്‍വാദിസംഘം ഒന്നാകെ നിലപാട് തിരുത്തിയിട്ടും തരൂര്‍ ഉറച്ചുനിന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് അകന്നുപോയ മധ്യവര്‍ഗ വോട്ടര്‍മാരെ തിരികെ കൊണ്ടുവരാന്‍ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനുണ്ടാവണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി അധ്യക്ഷയ്ക്ക് വിടുന്ന ഒറ്റവരി പ്രമേയമല്ല വേണ്ടത്, മറിച്ച് താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് നയരൂപീകരണങ്ങളില്‍ റോളുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെതിരെ ബിജെപി ഉന്നയിക്കുന്ന രണ്ട് ആരോപണങ്ങള്‍, കുടുംബവാഴ്ച, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മ, ഇതുരണ്ടും ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പ് മാത്രമാണ് മാര്‍ഗമെന്ന് തരൂര്‍ ആവര്‍ത്തിച്ചു. തന്‍റെ ആശയങ്ങള്‍ അണികളിലെത്തിക്കാന്‍ പ്രഫഷണലായി പ്രചാരണം നടത്തി. ശയ്യാവലംബയായ പാര്‍ട്ടിക്ക് ജീവശ്വാസം പകരുന്നതാണ് തരൂരിന്‍റെ നിലപാടുകളെന്ന വികാരം സാധാരണപ്രവര്‍ത്തകരിലുണ്ടായി. എന്നാല്‍ പിസിസി ആസ്ഥാനങ്ങളില്‍ ഖര്‍ഗെയ്ക്ക് പൂചെണ്ടും മാലയും കിട്ടിയപ്പോള്‍ നേതാക്കള്‍ തരൂരിനോട് മുഖംതിരിച്ചു. 

പക്ഷേ പരസ്യമായി പിന്തുണച്ചില്ലെങ്കിലും താന്‍ മുന്നോട്ടുവച്ച ആശയങ്ങളെ രഹസ്യമായി പിന്തുണക്കുന്നവര്‍ വോട്ടര്‍മാരിലുണ്ടെന്ന തരൂരിന്‍റെ വാക്ക് വെറുംവാക്കായില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയല്ല, പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരുത്തലിനായി പൊരുതും എന്നതാണ് തരൂര്‍ ലൈന്‍.  ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയമില്ലായിരിക്കാം. പക്ഷേ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് സാധാരണ പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം പ്രതിനിധീകരച്ചത് എന്നതില്‍ തര്‍ക്കമില്ല.