കോണ്‍ഗ്രസിന് അങ്ങനെ ഒരു അധ്യക്ഷനെ കിട്ടി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനാധിപത്യരീതിയില്‍ വോട്ടെടുപ്പ് നടത്തി നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടിയുെട പരമാധികാരിയാവുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറാമത്തെ 'തിരഞ്ഞെടുക്കപ്പെട്ട 'പ്രസിഡന്‍റായി അങ്ങനെ മല്ലികാര്‍ജുന ഖര്‍ഗെ. ശശി തരൂര്‍ മല്‍സരരംഗത്തേക്ക് വന്നതും കേരളത്തിലെ പാര്‍ട്ടി നേതൃത്വം പരസ്യമായി ഖര്‍ഗയെ പിന്തുണച്ചതുമെല്ലാം വാര്‍ത്തകളായി. ഹൈക്കമാന്‍ഡിന്‍റെ ആശിര്‍വാദത്തോടെ മല്‍സരിക്കാന്‍ നിയോഗിക്കപ്പെട്ടയാളായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ഖര്‍ഗെ. നാടെങ്ങും പുതിയ അധ്യക്ഷനെ കാത്തുള്ള ആവേശത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാട്ടിന്‍പുറങ്ങളിലും ചെറു അങ്ങാടികളിലും പ്രധാന ചര്‍ച്ച പുതിയ അധ്യക്ഷന്‍ ആരാകുമെന്നതിനെക്കുറിച്ചാണ്.
ചര്‍ച്ച ഏറെയും ആകാംക്ഷ കുറവുമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. ശശി തരൂര്‍ എത്ര വോട്ട് നേടും എന്നതുമാത്രമായിരുന്നു ആകാംക്ഷ. ഖര്‍ഗയുടെ വിജയം സുനിശ്ചിതമായി രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ കണ്ടിരുന്നു. പത്തുമണിയോടെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുപിയില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണരുതെന്ന് തരൂര്‍ ക്യാംപ് പരാതിപ്പെട്ടു. അധികം വൈകാതെ വോട്ടെണ്ണല്‍ ആരംഭിച്ചു.
ഫലമെത്തും മുമ്പെ ഖര്‍ഗയ്ക്ക് അഭിനന്ദനങ്ങളുമായി ഫ്ളക്സുകള്‍ നിരത്തില്‍ നിവര്‍ന്നു തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനാണ് പരമാധികാരിയെന്ന് രാഹുല്‍ ഗാന്ധി ഇതിനിടെ പ്രതികരിച്ചു. തന്‍റെ ചുമതല എന്തെന്ന് ഖര്‍ഗെയോട് ചോദിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. വോട്ടെടുപ്പ് ഫലം വരുന്നതിന് മുന്‍പെയുള്ള രാഹുലിന്‍റെ പ്രതികരണം ഖര്‍ഗെയ്ക്കായിരുന്നു തന്‍റെ പിന്തുണയെന്ന് പരസ്യമായി സമ്മതിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ ഫലപ്രഖ്യാപനമെത്തി. മല്ലികാര്‍ജുന്‍ ഖര്‍ഗെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുതുതലമുറയിലെ പലരും പിന്തുണച്ച തരൂരിന് എത്രവോട്ട് കിട്ടി എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്.
ഒടുവില്‍ വോട്ടുനില പുറത്തുവന്നു. ഖര്‍ഗയ്ക്ക് 7897 വോട്ടുകള്‍. ശശി തരൂരിന് 1,072 വോട്ടുകള്‍. 416 വോട്ടുകള്‍ അസാധുവായി. പ്രതീക്ഷിച്ചതിലും വോട്ട് നേടി തരൂര്‍. അധ്യക്ഷനാണ് പാര്‍ട്ടിയുടെ പരമാധികാരിയെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഖര്‍ഗയ്ക്ക് ആശംസയറിച്ച് തരൂരിന്‍റെ ട്വീറ്റ് എത്തി. 22 വര്‍ഷത്തിനുശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാള്‍ പ്രസിഡന്റാവുന്നത്. ഖര്‍ഗെയെ വസതിയിലെത്തി കണ്ട് സോണിയ ഗാന്ധി അഭിനന്ദനമറിയിച്ചു.
1,072 വോട്ടുകളുമായി തരൂരിന്റെ ശക്തിപ്രകടനം അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കണ്ടെത്. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി സംവിധാനത്തില്‍ നിന്നുകൊണ്ട് ഹൈക്കമാന്‍ഡ് ആശിര്‍വാദമില്ലാതെ മല്‍സരിക്കാനുള്ള തീരുമാനവും മല്‍സരിച്ചിട്ട് ആയിരത്തിലേറെ വോട്ടുനേടാനായതും മാറ്റത്തിന്‍റെ സൂചികയായി വിലയിരുത്തപ്പെടുന്നു. പുതിയ കാലത്തിന്‍റെ ആവശ്യവും അനിവാര്യതയും തിരിച്ചറിയപ്പെടാത്ത കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവര്‍ അത് കാര്യമാക്കുന്നില്ല എന്നതും ഈ പാര്‍ട്ടിയുടെ ദൈന്യത അവസാനിക്കാന്‍ പോകുന്നില്ലെന്നതിന്‍റെ സൂചനയുമാണ്.
പാര്‍ട്ടിയുടെ പുനരുജ്ജീവനം തുടങ്ങുന്ന ദിവസമെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ഗാന്ധികുടുംബം പാര്‍ട്ടിയുടെ നെടുന്തൂണായി തുടരും. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും തരൂര്‍ വ്യക്തമാക്കി. ശശി തരൂരിന് സ്വന്തം കേരളം പോലും ആദ്യം മുതലേ രണ്ടുതട്ടിലായിരുന്നു. യുവാക്കളില്‍ ചിലര്‍ തരൂരിനൊപ്പം നിലയുറപ്പിച്ചെങ്കിലും നേതൃത്വം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഖര്‍ഗേയ്ക്കൊപ്പം നിന്നു.
1939 ലായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായുള്ള ആദ്യ തിരഞ്ഞെടുപ്പ്. മഹാത്മാഗാന്ധിയുടെ സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യും നേതാജി സുഭാഷ് ചന്ദ്രബോസും തമ്മിലുള്ള പോരാട്ടത്തില്‍ സീതാരാമയ്യയെ പരാജയപ്പെടുത്തി നേതാജി പ്രസിഡന്‍റായി. പിന്നീട് പ്രസിഡന്‍റ് പദവിക്കായുള്ള പോരാട്ടം നടന്നത് 1950 ലാണ്. പുരുഷോത്തംദാസ് ടാന്‍ഡനും ആചാര്യകൃപലാനിയും അധ്യക്ഷപദവിയിലേക്ക് മല്ഡസരിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പിന്തുണയുണ്ടായിരുന്ന കൃപലാനിയെ പരാജയപ്പെടുത്തി പുരുഷോത്തംദാസ് ടാന്‍ഡന്‍ പ്രസിഡന്‍റായി.
1977ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ഡികെ ബറുവ പാര്‍ട്ടി അധ്യക്ഷസ്ഥാനമൊഴിഞ്ഞു. അധ്യക്ഷപദവിക്കായി വീണ്ടും മല്‍സരം നടന്നു. സിദ്ദാര്‍ഥ ശങ്കര്‍ റേയെയും കരണ്‍ സിങ്ങിനെയും പരാജയപ്പെടുത്തി കെ.ബ്രഹ്മാനന്ദ റെഡ്ഡി കോണ്‍ഗ്രസ് പ്രസിഡന്‍റായി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനുണ്ടാവുന്നത്. സീതാറാം കേസരിയും ശരദ് പവാറും രാജേഷ് പൈലറ്റും കളത്തിലിറങ്ങി. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊഴികെ മുഴുവന്‍ പിസിസികളുടെയും പിന്തുണയോടെ കേസരി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 6224 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശരത് പവാറിനം 882ഉം രാജേഷ് പൈലറ്റിന് 354ഉം വോട്ടാണ് ലഭിച്ചത്. 2000 ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഗാന്ധി കുടുംബാംഗത്തിന് ആദ്യമായി എതിരാളിയുണ്ടായത്. സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്രപ്രസാദ മല്‍സരിക്കാനിറങ്ങി. ഫലം വന്നപ്പോള്‍ 7400 പേര്‍ സോണിയ ഗാന്ധിക്ക് വോട്ടു ചെയ്തു. ജിതേന്ദ്രപ്രസാദക്ക് ലഭിച്ചത് കേവലം 94 വോട്ടുകള്‍ മാത്രം.
മലയാളിയായ ശശി തരൂരും കര്‍ണാടകക്കാരന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും പരസ്പരം മല്‍സരിക്കുമ്പോള്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും ഒന്നുറപ്പായിരുന്നു, കോണ്‍ഗ്രസിനെ നയിക്കാന്‍ പോകുന്നത് ഒരു ദക്ഷിണേന്ത്യക്കാരനാണ് എന്നത്. നൂറ്റാണ്ട് പിന്നിട്ട പാര്‍ട്ടി ചരിത്രത്തില്‍ ദക്ഷിണേന്ത്യക്കാരനായ പത്താമത്തെ അധ്യക്ഷനാണ് ഖര്‍ഗെ.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ദക്ഷിണേന്ത്യക്കാരായ അധ്യക്ഷന്‍മാരില്‍ നാലുപേര്‍ സ്വാതന്ത്ര്യലബ്ധിക്കു മുന്‍പും അഞ്ചുപേര്‍ സ്വാതന്ത്ര്യാനന്തരവുമാണ് പാര്‍ട്ടിയെ നയിച്ചത്. ആദ്യ നാലുപേരും അഭിഭാഷകരായിരുന്നു. 1890ല്‍ അധ്യക്ഷനായ ആന്ധ്രക്കാരന്‍ പനപ്പാക്കം ആനന്ദചാര്‍ലുവാണ് ആദ്യത്തെയാള്‍. രണ്ടാമന്‍ 1894ല്‍ അധ്യക്ഷനായ മലയാളി അഡ്വ. ചേറ്റൂര്‍ ശങ്കരന്‍നായര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നായകനായ ഒരേയൊരു മലയാളി.
1920ല്‍ തമിഴ്നാട്ടുകാരനായ സി.വിജയരാഘവാചാരിയര്‍ പ്രസിഡന്‍റായി. 1887ല്‍ പാര്‍ട്ടി ഭരണഘടന തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്ന നേതാവാണ് അദ്ദേഹം. 1926ല്‍ ചുമതലയേറ്റ തമിഴ്നാട്ടുകാരന്‍ ശ്രീനിവാസ അയ്യങ്കാറാണ് ഈ നിരയിലെ നാലാമന്‍. സ്വാതന്ത്ര്യാനന്തരം 1948ല്‍ കോണ്‍ഗ്രസിന്‍റെ ആദ്യ അധ്യക്ഷനായത് ആന്ധ്രക്കാരനും സ്വാതന്ത്ര്യസമരസേനാനിയും ഡോക്ടറുമായ ബി. പട്ടാഭി സീതാരാമയ്യ– കോണ്‍ഗ്രസിന്‍റെ ചരിത്രകാരന്‍ എന്നനിലയിലും അദ്ദേഹം അറിയപ്പെടുന്നു. 1959ല്‍ ആന്ധ്രക്കാരനായ നീലം സഞ്ജീവ റെഡ്ഡി പാര്‍ട്ടി അധ്യക്ഷനായി–പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് 1977ല്‍ ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ രാഷ്ട്രപതിയായ നീലം സഞ്ജീവ റെഡ്ഡി.
ദക്ഷിണേന്ത്യന്‍ പാര്‍ട്ടി അധ്യക്ഷന്മാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കിങ് മേക്കറെന്നറിയപ്പെടുന്ന കെ.കാമരാജ്. മൂന്നുതവണ മദ്രാസ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായശേഷം 1964ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കാമരാജ് നെഹ്റുവിന്‍റെ വിയോഗത്തിനുശേഷം പാര്‍ട്ടിയെ മുന്നോട്ടു നയിച്ചു . അവസരങ്ങളുണ്ടായിട്ടും പ്രധാനമന്ത്രിയാകാന്‍ വിസമ്മതിച്ച നേതാവ്. മൊറാര്‍ജി ദേശായിയെയും ജഗ്‍ജീവന്‍ റാമിനെയും മറികടന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ നെഹ്റുവിന്‍റെ പിന്‍ഗാമിയാക്കിയ ബുദ്ധികേന്ദ്രം. മുതിര്‍ന്ന നേതാക്കള്‍ അധികാരപദവികള്‍ വിട്ട് സംഘടനചുമതകലകള്‍ ഏറ്റെടുക്കണമെന്ന കാമരാജ് പദ്ധതിയുടെ ഉപജ്ഞാതാവ്.
കാമരാജിന്‍റെ പിന്‍ഗാമിയായതും ഒരു ദക്ഷിണേന്ത്യന്‍ നേതാവ്. ഭരണഘടനാ നിര്‍മാണസഭയിലെ അംഗവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്.നിജലിംഗപ്പ 1968ല്‍ അധ്യക്ഷനായി. അദ്ദേഹം നേതൃപദവിയിലിരിക്കുമ്പോഴാണ് 1969ല്‍ ഇന്ദിരാഗാന്ധിയെ പുറത്താക്കുന്നതും പാര്‍ട്ടി പിളരുന്നതും. 1991ല്‍ ഒരേസമയം പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ആന്ധ്ര ചാണക്യന്‍ പി.വി.നരസിംഹറാവുവാണ് പാര്‍ട്ടിയിലെ ഏറ്റവും ഉന്നതപദവിയിലെത്തിയ അവസാന ദക്ഷിണേന്ത്യക്കാരന്‍. പ്രധാനമന്ത്രിയാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നേതാവും പി.വി.നരസിംഹറാവു ആയിരുന്നു. ( 1991–96)
കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയെന്ന ചേറ്റൂർ ശങ്കരൻ നായരുടെ 125 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്താൻ ശശി തരൂരിനും കഴിഞ്ഞില്ല. പക്ഷേ ശങ്കരൻ നായർക്കും മുൻപും പിൻപും ആ പദവിയിലേക്ക് മൽസരിക്കാൻ ധൈര്യം കാണിച്ച ഏക മലയാളിയായ ശശി തരൂർ, ചരിത്രം കുറിച്ച് വിജയതിളക്കമുള്ള തോൽവിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. എങ്ങനെയാണ് ഈ മൽസരത്തിൽ മലയാളിയായ ശശി തരൂരിനെ കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചതും തള്ളിയതും.
കോൺഗ്രസ് കുടുംബാധിത്യമാണെന്നും ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്നും തിരഞ്ഞെടുപ്പില്ലെന്നുമുള്ള എതിരാളികളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ കോൺഗ്രസിനാകെ അവസരമൊരുക്കിയതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. അതിന് കാരണക്കാരനായതോ മലയാളിയായ ശശി തരൂരും. മൽസരത്തിനിറങ്ങും മുൻപെ നയവും നിലപാടും വ്യക്തമാക്കിയാണ് തരൂർ രംഗത്തിറങ്ങിയത്. എന്നിട്ടും എന്തുകൊണ്ടോ കേരളത്തിെല നേതാക്കൾക്ക് കാര്യം പിടിക്കിട്ടിയില്ല. അവർ എതിർത്തു. ശക്തമായി തന്നെ. നേതൃത്വവും ഗ്രൂപ്പുകളും ഒറ്റക്കെട്ടായി അണിനിരന്നു. തരൂർ പബ്ളിസിറ്റി സ്റ്റൻഡിന് ശ്രമിക്കുകയാണെന്ന് നേതാക്കളൊക്കെ രഹസ്യമായി പറഞ്ഞുനടന്നു. പദവിയിലിരുന്ന് കെ.സുധാകരനും വി.ഡി.സതീശനും പക്ഷംപിടിച്ചു. പ്രചാരണത്തിനെത്തിയ ശശി തരൂരിനെ കാണാൻ പോലും നേതാക്കൾ മടിച്ചു. മുഖം കൊടുക്കാൻ തയാറായ ഏക നേതാവ് ഉമ്മൻചാണ്ടിയും. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിനൊടുവിൽ വോട്ടെണ്ണിയപ്പോൾ തരൂരിന് ആയിരം വോട്ടിന്റെ തിളക്കം. അതിൽ മാന്യമായ സംഖ്യ കേരളത്തിന്റെ സംഭാവനയാണെന്ന് തരൂർ പക്ഷം ആരോപിക്കുമ്പോൾ സംസ്ഥാന കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് തുടക്കമാവുകയാണ്.
കെ.സുധാകരനും വി.ഡി.സതീശനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമെല്ലാം ഔദ്യോഗിക സ്ഥാനാർഥിയെന്ന് പറയാതെ പറയുന്ന മല്ലികാർജ്ജുൻ ഖാർഗെയ്ക്കൊപ്പം അണിനിരന്നു. ഔദ്യോഗിക സ്ഥാനാർഥി എന്നൊന്ന് ഇല്ലല്ലോയെന്ന ചോദ്യത്തിന് ഖാർഗെയുടെ പത്രിക ഒന്നാം ഒപ്പുകാരൻ എ.കെ.ആന്റണിയാണെന്നും അതിലുണ്ട് എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നും പറഞ്ഞ് ഖർഗെയുടെ പിന്തുണ കൂട്ടി. ഇങ്ങനെയൊക്കെ നിലയുറപ്പിച്ചും നിലപാടെടുത്തും കേരളത്തിലെ കോൺഗ്രസ് ആർക്കൊപ്പമാണെന്ന് തെളിയിച്ചിട്ടും തരൂരിന് വേണ്ടി ചിലർ സജീവമായി അണിയറയിൽ കരുക്കൽ നീക്കി.
രാഘവന്റെ ഉൾപ്പെടെ ഇടപെടലുകൾ സജീവമായിരുന്നു. 287 വോട്ടുകളാണ് കേരളത്തിൽ പോൾ ചെയ്തത്. അതിൽ പകുതിയിലേറെയും നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് തരൂർ പക്ഷം ഇപ്പോൾ അവകാശപ്പെടുന്നത്. തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.തള്ളിയാൽ മറ്റ് സംസ്ഥാനങ്ങളിൽ തരൂരിന് കൂടുതൽ സ്വീകാര്യത ലഭിച്ചുവെന്ന് അംഗീകരിക്കുന്നതിന് തുല്യമാകും. അംഗീകരിച്ചാൽ അതിലേറെ കുഴപ്പമുണ്ട്. നേതൃത്വത്തെയും ഗ്രൂപ്പ് നേതൃത്വങ്ങളെയും തള്ളി അംഗങ്ങൾ വോട്ട് ചെയ്തെന്ന് സമ്മതിക്കലാകും. ഏതായാലും തുടക്കത്തിൽ പുച്ഛിക്കുകയും പരിഹസിക്കുകയും പക്ഷംപിടിക്കുകയും ചെയ്ത നേതാക്കൾ ഈ ജനാധിപത്യ മൽസരത്തിന് വേദിയൊരുക്കിയ തരൂരിനെ അഭിനന്ദിക്കുന്നതിന്റെ തിരക്കിലാണ്.
ഹൈക്കമാൻഡ് സ്ഥാനാർഥിയെ തോൽപ്പിക്കുന്നതിലൂടെ കെ.സി.വേണുഗോപാലിന്റെ കരുത്ത് കുറയ്ക്കാൻ കഴിയുമായിരുന്നിട്ടും സംസ്ഥാന നേതൃത്വവും ഗ്രൂപ്പുകളും തരൂരിനൊപ്പം കൂടാതിരുന്നത് കൃത്യമായ കാരണമുണ്ടെന്നതാണ് മറ്റൊരു കാര്യം. നാലു പതിറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാൽ എന്നും ഹൈക്കമാൻഡിന് ഒപ്പമേ കേരളത്തിലെ കോൺഗ്രസ് നിലയുറപ്പിച്ചിട്ടുള്ളു. പത്ത് ജൻപഥിലേക്കുള്ള ഗാന്ധി കുടുംബത്തിലേക്കുള്ള വഴി കേരളത്തിലെ നേതാക്കൾക്ക് സുപരിചതമാണ്. ഹൈക്കമാൻഡിനെ നേരിട്ട് സമീപിക്കാനും കാര്യങ്ങൾ അനുകൂലമായി നടത്തിയെടുക്കാനും കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് സാധിക്കും. ഈ സമവാക്യങ്ങളിൽ മാറ്റം വരുത്താൻ കേരളത്തിലെ ഒരു നേതാവും തയാറായില്ലെന്നതാണ് വാസ്തവം.
എന്നാൽ, കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ കാര്യങ്ങൾ നടപ്പാക്കുന്ന നേതാക്കൾക്കുമെതിരായ വികാരം കേരളത്തിലെ വോട്ടെടുപ്പിലുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തരൂരിന്റെ വ്യക്തിപ്രഭാത്തിന് മാത്രമുള്ള വോട്ട് അല്ല അദ്ദേഹത്തിന് കേരളത്തിൽ നിന്ന് ലഭിച്ചത്. പല മുതിർന്ന നേതാക്കളും പരസ്യമായിട്ടല്ലെങ്കിലും രഹസ്യമായി അദ്ദേഹത്തിന് പിന്തുണ നൽകിയവരാണ്.എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ തയാറാകാത്ത നേതാക്കളുണ്ട്. കരുത്തനായ ശരദ് പവാറിന് പോലും നേടാനാകാത്ത വോട്ട് മൂല്യം നേടിയ തരൂരിനെ ചെറുതായി കാണാനാണ് നേതാക്കൾക്ക് ഇഷ്ടം.
തെലങ്കാനയിലെ വോട്ടിൽ സംശയം പ്രകടിപ്പിച്ച തരൂർ ടീമിന്റെ നടപടിക്കെതിരെ അവിടുത്തെ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിച്ച രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിക്കഴിഞ്ഞു. അങ്ങനെ, കൊടിക്കുന്നിലും ഉണ്ണിത്താനും തരൂരിനെതിരെ നാവിന്റെ മൂർച്ച കൂട്ടുകയാണ്. പക്ഷേ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം മുതിർന്ന നേതാവ് എ.കെ.ആന്റണി തിരിച്ചറിയുന്നുണ്ട്. മൽസരം കഴിഞ്ഞെന്നും ഇനി ഒറ്റക്കെട്ടായി നിങ്ങേണ്ട നാളുകളാണെന്നുമാണ് ആന്റണിയുടെ പക്ഷം. തരൂരിനെ തോൽവിയിൽ മനംനൊന്തിരിക്കുന്ന രാഷ്ട്രീയ എതിരാളികൾക്കുമുണ്ട് ആന്റണിയുടെ കൈയ്യിൽ മരുന്ന്.
ആന്റണി പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. തരൂരിനെ അർഹമായ പരിഗണന ലഭിക്കും. അടുത്ത തവണയും തിരുവനന്തപുരത്ത് തന്നെ മൽസരിക്കുകയും ചെയ്യും. ദേശീയ നേതൃത്വം ചേർത്തുനിർത്തുന്നതോടെ സംസ്ഥാന നേതൃത്വത്തിലും പ്രസക്തി വർധിക്കും. പാർട്ടിയുടെ താഴെത്തട്ട് വരെ ലഭിച്ച സ്വീകാര്യത ഉപയോഗപ്പെടുത്തിയായിരിക്കും തരൂരും മുന്നോട്ടു കുതിക്കുക. അവഗണിക്കാനാകാത്ത ശബ്ദമായി തരൂർ മാറുന്നതിൽ ചിലർ അസ്വസ്ഥരാണെന്നതിന്റെ തെളിവാണ് ചില അപശബ്ദങ്ങൾ.