‘സ്റ്റാലിൻ താൻ വരാറ്.. നല്ല ആച്ചി തര പോരാറ്..’ പത്തുവർഷത്തിന് ശേഷം തമിഴകം ഡിഎംകെ പിടിക്കുമ്പോൾ ഉയർന്നുകേട്ട പാട്ടിലെ വരികളാണ്. സ്റ്റാലിൻ തന്നെ വരും നല്ല ഭരണം തരും. ജനക്ഷേമവും സൗജന്യ വിതരണങ്ങളും. ഒപ്പം ജാതി–മത–വർഗീയ ചിന്തകളെ തച്ചുടച്ച്, ഭാഷാ വികാരം ഉയർത്തിപ്പിടച്ച് അയൽപക്കത്തെ ദളപതി ആ പാട്ടിനോട് പൊതുനീതി പുലർത്തുന്നു എന്നുതന്നെ പറയാം. കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാണ്. കേരളത്തിലെ സമകാലിക രാഷ്ട്രീയ ചർച്ചകളിൽ എം.കെ.സ്റ്റാലിൻ തമിഴകത്തിന്റെ മുതൽഅമച്ചർ ആയതിൽ പിന്നെ എത്ര തവണ വിദേശയാത്ര നടത്തി എന്ന ചോദ്യം ഇപ്പോള്‍ നിറയുന്നു. ആ ചോദ്യത്തിനുത്തരം ഒറ്റ തവണ എന്നുമാത്രമാണ്.  ആ യാത്രയിൽ തമിഴ്നാട്ടിലേക്ക് െകാണ്ടുവന്നത് 1,600 കോടിയുടെ നിക്ഷേപവും. അഞ്ചു ലക്ഷം കോടി കടത്തിൽ മുങ്ങി നിന്ന തമിഴ്നാടിനെ രക്ഷിക്കാനായി എന്തെല്ലാമാണ് സ്റ്റാലിനും മന്ത്രിമാരും ചെയ്യുന്നത്.

 

 

സ്കൂള്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ഒരു കുട്ടിക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുന്ന എം.കെ.സ്റ്റാലിന്റെ ചിത്രം അടുത്തിടെ തെന്നിന്ത്യയുടെ ഹൃദയം കവർന്നിരുന്നു. ജനപ്രിയ പദ്ധതികളും സൗജന്യസേവനങ്ങളിലും ശ്രദ്ധയൂന്നി സ്റ്റാലിൻ കയ്യടി നേടുന്ന കാഴ്ച അധികാരമേറ്റ ആദ്യ മണിക്കൂറിൽ തന്നെ പ്രകടമായിരുന്നു. സ്കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ്  സ്നേഹം വാരി ഊട്ടുന്ന ഫോട്ടോയിലെ സന്ദർഭമുണ്ടായത്. കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് സ്റ്റാലിൻ പറയുമ്പോഴും, തമിഴകത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് ഇത് ഒരു അനുഗ്രഹമാണ്. രാവിലെ ഭക്ഷണം കഴിക്കാതെയാണ് സ്കൂളിൽ എത്തുന്നത് എന്ന ഒരു കുട്ടിയുടെ ഉത്തരമാണ് ഇത്തരമൊരു ആശയത്തിലേക്ക് സർക്കാരിനെ നയിച്ചത്.  സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയത്. 102 കൊല്ലം മുന്‍പ് ചെന്നൈ തൗസന്റ് ലൈറ്റിലെ കോര്‍പ്പറേഷന്‍ സ്കൂളിലാണു രാജ്യത്ത് ആദ്യമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത് എന്നത് മറ്റൊരു ചരിത്രം. ഇത് ഒരു ഉദാഹരണം മാത്രമാണ്. വലുപ്പത്തിലും ജനസംഖ്യയിലും ഏറെ മുന്നിലുള്ള വലിയ സംസ്ഥാനത്തിൽ സ്റ്റാലിൻ സർക്കാർ കാണിക്കുന്ന ഈ ചേർത്തുപിടിക്കലുകളുടെ പിന്നിലെന്താണ്. കൃത്യമായ പ്ലാനിങ്ങും അത് നടപ്പാക്കാനും ബുദ്ധി ഉപദേശിക്കാനും കരുത്തുള്ള ടീമുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞുതരുന്നു.

 

കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്ത് കൂട്ടുമ്പോൾ വരുമാനം കൂട്ടി കടഭാരം 57 ശതമാനം കുറച്ച് തമിഴ്നാട് സർക്കാർ മാതൃക കാട്ടുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ  കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാലിന്റെ ജനപ്രിയതയും നേതൃഗുണവും ഡിഎംകെയുടെ ചിട്ടയായ പ്രവർത്തനങ്ങളും ധനമന്ത്രി പിടിആർ പളനിവേൽ ത്യാഗരാജന്‍റെ മിടുക്കും ചേരുമ്പോഴാണ് തമിഴ്നാട് മുന്നേറ്റം സാധ്യമാക്കുന്നത്.

 

ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, ലാപ്പ്ടോപ്പ്, സൗജന്യ യാത്ര, ചികിൽസ, സംസ്ഥാനത്തെ എല്ലാവർക്കും ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യം.. അങ്ങനെ ജനത്തിന്റെ കയ്യടി വാങ്ങി മുന്നേറാനുള്ള ആശയങ്ങൾ ആർക്കും നടപ്പാക്കാം. എന്നാൽ ഇതിനുള്ള പണം കണ്ടെത്തുക എന്നത് നിസ്സാര വെല്ലുവിളിയല്ല. 2021 മേയ് മാസത്തിൽ അധികാരമേറ്റ ഡിഎംകെ സർക്കാർ തമിഴ്നാടിനെ മുന്നോട്ടുചലിപ്പിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഒരിക്കൽ ധനമന്ത്രി പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയാണ്. സർക്കാർ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങളെ ‘ഫ്രീബി’ എന്ന രീതിയിലല്ല കാണേണ്ടത്. ഇതൊന്നും ആരെയും പണക്കാരനാക്കാനുള്ള പദ്ധതികളോ ആശയങ്ങളോ അല്ല. തുല്യനീതി ഉറപ്പാക്കാനും മികച്ച ഭാവിക്കും മാനവിക വിഭവശേഷി വികാസത്തിനുമുള്ള നിക്ഷേപമാണ് ഇതെല്ലാം.  പണ്ടു ടിവി കാണാൻ മറ്റു വീടുകളിൽ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ വീട്ടുകാരുടെ കാരുണ്യം കൊണ്ടു വേണം സാധാരണക്കാരന് ടിവി കാണാൻ. സർക്കാർ സൗജന്യമായി ടിവി നൽകിയതോടെ ആ അസമത്വം ഇല്ലാതായി. ഒരു സർക്കാർ ശമ്പളത്തിനും പെൻഷനും പലിശ നൽകാനും മറ്റുമായി ചെലവാക്കുന്നതിലും ഏറെ കുറഞ്ഞ പണമാണ് ഇത്തരം പദ്ധതികൾക്കു വേണ്ടി ചെലവാക്കുന്നത്. തമിഴ്നാടിന്റെ ഈ വാദം ശരിവയ്ക്കുന്നത് ആ കാഴ്ചപ്പാടുകളെ തന്നെയാണ്. ടിവി കൃത്യമായ ഒരു ഉദാഹരണമാണെന്ന് പറയാം.

 

എം.കെ.സ്റ്റാലിൻ നടത്തിയ ദുബായ് സന്ദർശനം വഴി സംസ്ഥാനത്ത് 1600 കോടിയുടെ നിക്ഷേപമാണ് കരാറായതെന്ന് സർക്കാർ പറയുന്നു. ‘തമിഴ്‌നാട്- ഇൻവെസ്റ്റേഴ്‌സ് ഫസ്റ്റ് പോർട്ട് ഓഫ് കോൾ’ എന്ന നിക്ഷേപക സംഗമത്തിൽ, 1600 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കരാറിൽ തമിഴ്നാടും ദുബായ് സർക്കാരും ഒപ്പുവച്ചു. നോബിൾ സ്റ്റീൽസ്, വൈറ്റ് ഹൗസ്, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുമായി രേഖകൾ കൈമാറി. ഇതു വഴി തമിഴ്‌നാട്ടിൽ 5200 പേർക്ക് തൊഴിൽ ലഭിക്കും. നോബിൾ സ്റ്റീൽസ് 1200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു 1000 കോടി രൂപ നിക്ഷേപിക്കും, 3000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംയോജിത തയ്യൽ പ്ലാന്റ് സ്ഥാപിക്കാൻ വൈറ്റ് ഹൗസ് 500 കോടി രൂപയും 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഫുഡ് പാർക്ക് സ്ഥാപിക്കാൻ ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 കോടി രൂപ നിക്ഷേപിക്കാനും കരാറായിയിരുന്നു. ബിസിനസ് നിക്ഷേപം ആകർഷിക്കാൻ  ലണ്ടനിലും അതിനുശേഷം അമേരിക്കയിലും സ്റ്റാലിൻ പര്യടനം നടത്തുമെന്നും സൂചനകളുണ്ട്.

 

മെച്ചപ്പെട്ട നിക്ഷേപ അന്തരീക്ഷമൊരുക്കിയും കോവിഡിനു ശേഷം സാമ്പത്തിക ഉണർവുണ്ടാക്കാൻ തമിഴ്‌നാട്ടിലെ സ്വകാര്യ മേഖലാ പദ്ധതികൾക്കുള്ള ധനസഹായം കഴിഞ്ഞ വർഷത്തേക്കാൾ 8ശതമാനം അധികമായി വർധിപ്പിച്ചും സർക്കാർ മുന്നേറുകയാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം അധിക നികുതി വരുമാനമാണു തമിഴ്നാടിനു ലഭിച്ചത്. 37,275.49 കോടി രൂപയായിരുന്ന നികുതി വരുമാനം 2022– 2023 സാമ്പത്തിക വർഷം ജൂലൈയിൽ 56,109.07 കോടി രൂപയായി. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം, കേന്ദ്ര വിഹിതം, മറ്റ് നികുതികളും തീരുവകളും എന്നിവ ഉൾപ്പെടെയാണിത്. ഈ സാമ്പത്തിക വർഷം ജൂലൈ വരെ തമിഴ്‌നാടിന്റെ മൊത്തം വരുമാനം 73,329.21 കോടി രൂപയായിരുന്നു.

 

സ്റ്റാലിന് കരുത്തായി ഒപ്പമുള്ള ധനമന്ത്രി പിടിആർ പളനിവേൽ ത്യാഗരാജൻ ആളത്ര നിസ്സാരക്കാരനല്ല എന്നതും ഈ മുന്നേറ്റത്തിന്റെ കുരുത്താണ്. സാമ്പത്തിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവ് തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എൻജിനീയറിങ്. അമേരിക്കയിലെ എംഐടിയിൽ നിന്നും എംബിഎ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ്.  ലീമാൻ ബ്രദേഴ്സിൽ കാപ്പിറ്റൽ മാർക്കറ്റ്സ് മേധാവി, സിംഗപ്പൂരിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഫിനാൻഷ്യൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ പദവികളിൽ വർഷങ്ങളുടെ പരിചയസമ്പത്ത്, ഒപ്പം തമിഴ്നാടിന്റെ സാമ്പത്തിക ഉപദേശകരായുള്ളത് പ്രതിഭകളുടെ വൻനിരയാണ്. നൊബേൽ ജേതാവും എംഐടി പ്രഫസറുമായ എസ്തേർ ദഫ്ലോ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കേന്ദ്ര സർക്കാരിന്റെ മുൻ പ്രധാന സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യൻ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസർ ജീൻ ഡ്രസെ, മുൻ കേന്ദ്ര ഫിനാൻസ് സെക്രട്ടറി ഡോ. എസ്.നാരായൺ എന്നിവരുടെ പ്രത്യേക സാമ്പത്തിക ഉപദേശക സമിതിയാണു തമിഴ്നാടിനെ നയിക്കുന്നത്.

 

ഇച്ഛാശക്തിയുള്ള സര്‍ക്കാരും നടത്തിപ്പിന് കരുത്തുള്ള ഒരു സംഘവും ഉണ്ടെങ്കില്‍  മാറ്റം ഉറപ്പാണ്. തമിഴ്നാട് അത് കണക്കിൽ തന്നെ കൃത്യമായി കാണിച്ചുതരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്, വർഗീയതയ്ക്കെതിരെ വിട്ടുവീഴ്്ചയില്ലാതെ പോരാടുന്ന മുഖ്യമന്ത്രി മാത്രമല്ല എം.കെ.സ്റ്റാലിൻ. മലയാളികളെ നോക്കി ഉടൻപിറപ്പുകളേ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സ്റ്റാലിനും സർക്കാരും കാണിക്കുന്ന മാതൃകകളും ഏറെയാണ്.