കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നവിധി. ഹിജാബ് നിരോധത്തെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അനുകൂലിച്ചപ്പോള്‍ നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് സുധാന്‍ഷു ധൂളിയ റദ്ദാക്കി. ഇതോടെ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ച് വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ജഡ്ജുമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധൂളിയയുമാണ് പരിഗണിച്ചത്. ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടണോ, യൂണിഫോം നിര്‍ബന്ധമാക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ, ഹിജാബ് ഇസ്‍ലാമിലെ ഒഴിവാക്കാനാകാത്ത വിശ്വാസ ചിഹ്നമാണോ, ഹിജാബ് നിരോധനം വിശ്വാസ സ്വാതന്ത്ര്യത്തിന്‍റെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മൗലിക അവകാശത്തിന്‍റെയും ലംഘനമാണോ തുടങ്ങി 11 ചോദ്യങ്ങള്‍ പരിശോധിച്ചുവെന്ന് ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.
ഹര്‍ജികള്‍ തള്ളുന്നതായി ഹിജാബ് നിരോധനം ശരിവച്ച് ജസ്റ്റിസ് ഗുപ്ത വിധിച്ചു. ഹിജാബ് ഇസ്‍ലാമില്‍ നിര്‍ബന്ധമായിട്ടുള്ള കാര്യമാണോയെന്ന് പരിശോധിക്കുന്നതില്‍ കര്‍ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ധൂളിയ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വിഷയമാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രഥമപരിഗണന. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവും ഇത് ശരിവച്ച ഹൈക്കോടതി വിധിയും ജസ്റ്റിസ് ധൂളിയ റദ്ദാക്കി. സുപ്രീംകോടതി വിധി കര്‍ണാടക സര്‍ക്കാരും ഹര്‍ജിക്കാരും സ്വാഗതം ചെയ്തു. നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
25 ഹര്‍ജികളില്‍ 10 ദിവസമാണ് വാദം കേട്ടത്. ഹിജാബ് ധരിക്കല്‍ അനിവാര്യമായ മതാചാരമല്ല, 2021വരെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചിരുന്നില്ല, പിഎഫ്െഎ അടക്കം വിഷയത്തില്‍ ഇടപെട്ടു, യൂണിഫോം നിര്‍ബന്ധമാക്കാന്‍ അധികാരമുണ്ട് എന്നിവയായിരുന്നു കര്‍ണാടക സര്‍ക്കാരിന്‍റെ വാദങ്ങള്‍. നിരോധനം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണ്, അനിവാര്യമായ മതാചാരം പരിശോധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല തുടങ്ങിയവയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങള്‍.
In Supreme Court, split verdict in Karnataka hijab ban case