ഡല്‍ഹിയിലെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവച്ചു. ബുദ്ധമത പരിവര്‍ത്തന ചടങ്ങിലെ വിവാദത്തിന് പിന്നാലെയാണ് രാജി. ഡൽഹിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ചടങ്ങില്‍ തനിക്ക് ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലെന്ന് മന്ത്രി പ്രതിജ്ഞ ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്കിപ്പുറം വെള്ളിയാഴ്ച വിഡിയോ പ്രചരിച്ചതോടെയാണ് മന്ത്രി കുരുക്കിലായത്. പിന്നാലെ ബിജെപിയും വിവിധ ഹിന്ദു സംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. മറ്റു മതങ്ങളെ അപമാനിച്ചിട്ടില്ലെന്നും താൻ ബുദ്ധമതത്തിൽ വിശ്വസിക്കുന്നുവെന്നുമാണ് മന്ത്രി വിശദീകരിച്ചത്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജേന്ദ്ര പാല്‍ ഗൗതം നടത്തിയ പ്രസ്താവനയില്‍ ആപ്പ് നേതൃത്വത്തിനും കടുത്ത അമര്‍ഷമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജി. ഭരണഘടന ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്‍റെ ഓര്‍മയ്ക്കായാണ് ധമ്മ ചക്ര പ്രവര്‍ത്തന്‍ എന്ന പേരില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്
English Summary: AAP's Delhi minister Rajendra Pal Gautam quits after 'conversion' event row