കൊല്ലം തഴുത്തലയിൽ ഭർതൃവീട്ടുകാർ വീടിന് പുറത്താക്കിയ യുവതിക്കും കുഞ്ഞിനും ഇരുപത് മണിക്കൂറിനു ശേഷം നീതി കിട്ടി. ശ്രീനിലയത്തിൽ അതുല്യയ്ക്കും അഞ്ചുവയസ്സുകാരൻ മകനുമുണ്ടായ ദുരനുഭവം മനോരമ ന്യൂസിലൂടെ പുറത്തുവന്നപ്പോഴാണ് നീതി നിർവഹണ സംവിധാനങ്ങൾ ഇടപെട്ടത്. പൊലീസിന്റെ വീഴ്ച ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് വനിതാകമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിയിച്ചു.
സ്ത്രീധന പീഡനത്തിന്റെ പേരിൽ വർഷങ്ങളായി അതുല്യയും കുഞ്ഞും അനുഭവിച്ച വേദനയ്ക്കു ശമനം. ഇരുപത് മണിക്കൂർ വീടിന് പുറത്ത് നീതിക്കു വേണ്ടി നിന്നപ്പോൾ നാട്ടുകാർ മാത്രമായിരുന്നു സഹായം. കൊട്ടിയം പോലീസ് നോക്കുകുത്തിയായി. അതുല്യയുടെ സമാന അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും എത്തി.
യുവതിയെയും കുഞ്ഞിനേയും വീട്ടിൽ നിന്നിറക്കി വിട്ടതിനെതിരെ നാട്ടുകാർ ഒന്നാകെ രോഷാകുലരായതോടെ പൊലീസ് ഇടപെട്ടു . എന്നിട്ടും അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കയറ്റാൻ ഭർതൃമാതാവ് അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളും പൊലീസും ഏറെ പരിശ്രമിച്ചാണ് വീടിന്റെ വാതിൽ തുറന്നത്. സി.ഡബ്ല്യുസി ജില്ലാ ചെയർമാനും , വനിതാ കമ്മീഷൻ അംഗം ഷാഹിദ് കമാലും ചർച്ച നടത്തി. അതുല്യയ്ക്കും കുഞ്ഞിനും വീടിനുള്ളിൽ കഴിയാമെന്ന് ഭർതൃമാതാവ് സമ്മതിച്ചതായി ഷാഹിദ കമാൽ പറഞ്ഞു. പൊലീസിന്റെ വീഴ്ച പരിശോധിക്കും.
ഒരേയിടത്താണ് രണ്ടു വീടുകൾ ഉള്ളത്. പഴയ വീട്ടിലേക്ക് ഭർതൃമാതാവ് അജിതകുമാരിയെ മാറ്റിയാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയത്. അതുല്യയുടെ ഭർത്താവ് പ്രതീഷ്‌ലാൽ ഗുജറാത്തിലാണ്.
After twenty hours the young woman and her child got justice