ചണ്ഡിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിച്ചതിനെച്ചൊല്ലി പ്രതിഷേധവും സംഘര്‍ഷവും. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒന്നാംവര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ എംഎംഎസ് വഴി ആണ്‍സുഹൃത്തിന് അയച്ചുകൊടുത്തെന്നാണ് ആരോപണം. ഷിംലയിലുള്ള ഈ സുഹൃത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
ചണ്ഡിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. ഹോസ്റ്റലിലെ അന്‍പതിലേറെ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നു എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അഡ്മിനിട്രേഷന്‍ ബ്ലോക്ക് വളഞ്ഞു. ഇന്നലെ രാത്രി വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തിനിടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പെണ്‍കുട്ടി സ്വന്തം ദൃശ്യം മാത്രമാണ് പകര്‍ത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി.
വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ദേശീയ വനിത കമ്മിഷന്‍ വിസിയോട് നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും കത്തയച്ചു. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്ന് പഞ്ചാബ് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു. ഗൗരവതരവും ലജ്ജാകരവുമായ സംഭവമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പ്രതികരണം. കസ്റ്റഡിയിലെടുത്ത ഫോണുകളും ലാപ്ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.