ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കരിമ്പ് പാടത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്. പ്രതികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതാണെന്ന കുടുംബത്തിന്‍റെ വാദം പൊലീസ് നിഷേധിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ലഖിംപൂര്‍ ഖേരിയില്‍ പതിനഞ്ചും പതിനേഴും വയസ്സുള്ള പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കരിമ്പ് പാടത്തിലെ മരത്തില്‍ കെട്ടിത്തൂക്കി. പെണ്‍കുട്ടികളുടെ അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ആറ് പേരെ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതികളില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളെ മോട്ടോര്‍ സൈക്കിളില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ പ്രതികളില്‍ സുഹൈല്‍, ജുനൈദ് എന്നിവരുമായി പെണ്‍കുട്ടികള്‍ക്ക് മുന്‍പരിചയമുണ്ടെന്നും ഇവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ സ്വേമേധയ പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സുഹൈല്‍, ജുനൈദ്, ഹാഫിസുല്‍ എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. ആത്മഹത്യയായി ചിത്രീകരിക്കാന്‍ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കാന്‍ സഹായിച്ചവരാണ് കരീമുദ്ദീന്‍, ആരിഫ് എന്നിവര്‍. പെണ്‍കുട്ടികളെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ ഛോട്ടുയെന്നയാളാണ് അറസ്റ്റിലായ ആറാമന്‍. പ്രതി ജുനൈദിനെ പിടികൂടിയത് ഏറ്റമുട്ടലിന് ശേഷമാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകം ഞെട്ടിക്കുന്നതാണെന്നും സ്ത്രീപീഡകരെ ജയില്‍ നിന്ന് മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഹാത്രസിന് സമാനമായ സംഭവമാണ് ലഖിംപൂരിലുണ്ടായതെന്നും സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും യു.പിയില്‍ ഒരു സുരക്ഷയുമില്ലെന്നും പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവര്‍ ആരോപിച്ചു. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും പ്രതികളെ അതിവേഗം അറസ്റ്റ് ചെയ്തതിലൂടെ നിയമവാഴ്ച ഉറപ്പാക്കിയെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു