rahul-shah

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി വിദേശ ടീ ഷര്‍ട്ടാണ് ധരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യം ചരിത്രം പഠിക്കണമെന്നും അദ്ദേഹം രാഹുലിനെ ഉപദേശിച്ചു. ഇന്നലെ രാഹുലിന്റെ ടീഷർട്ടിന്റെ വില സൂചിപ്പിച്ച് ബിജെപി രംഗത്തുവന്നിരുന്നു. പിന്നാലെയാണ് അമിത് ഷായും അതേറ്റെടുക്കുന്നത്.യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടിഷർട്ടിന്റെ വില 41,000 ആണെന്ന് ബിജെപി ട്വീറ്റ് ചെയ്തിരുന്നു. ‘യാത്ര തുടങ്ങിയതിന് പിന്നാലെ അവർ ഞങ്ങൾ താമസിക്കുന്ന കണ്ടെയ്നർ നോക്കുന്നു, ടീഷർട്ട് നോക്കുന്നു, ഷൂസ് നോക്കുന്നു, നാളെ അവർ ഞങ്ങളുടെ അണ്ടർവെയറാകും നോക്കുക.’ ട്വീറ്റിനെ പരിഹസിച്ച് ജയ്റാം രമേശ് പറഞ്ഞിരുന്നു. മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും അദ്ദേഹം ബിജെപിയെ ഓർമിപ്പിച്ചു.

 

ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചിരുന്നു. ‘പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ...’ ബിജെപിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോൺഗ്രസ് ചോദിച്ചു. അതേസമയം, ഭാരത് ജോഡോ യാത്രയെ പേടിച്ചാണ് ബിജെപിയുടെ ആരോപണമെന്ന് ട്വിറ്ററിൽത്തന്നെ വിമർശനം ഉയരുന്നുണ്ട്. മാത്രമല്ല, ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുൽ വസ്ത്രം വാങ്ങുന്നതെന്നും ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു.