കെഎസ്ആർടിസി ജീവനക്കാർക്ക് ഭാഗീകമായി ശമ്പളം വിതരണം ചെയ്തു. ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം വിതരണം ചെയ്തെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടപ്പോൾ മൂന്നിലൊന്നെ ലഭിച്ചുള്ളുവെന്ന് ജീവനക്കാർ പറഞ്ഞു. മുഖ്യമന്ത്രിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായിട്ടാണ് ഭാഗീകമായി ശമ്പളം വിതരണം ചെയ്തത്. മുഖ്യമന്ത്രിയും യൂണിയനുകളും തമ്മിലുള്ള ചർച്ചയിൽ ഗതാഗതമന്ത്രി ആന്റണി രാജുവും തൊഴിൽമന്ത്രി വി.ശിവൻകുട്ടിയും പങ്കെടുക്കുന്നുണ്ട്. സിംഗിൾഡ്യൂട്ടിയിൽ സമവായം കണ്ടെത്താനാണ് ചർച്ചയെങ്കിലും ശമ്പളം വിഷയത്തിലാണ് യൂണിയനുകളുടെ ശ്രദ്ധ. അതേസമയം, ഓണക്കാലത്തും ശമ്പളം നൽകാത്തതിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ രോഗബാധിതനായ കണ്ടക്ടർ ഗോപീഷ് കുടുംബ സമേതം നിൽപ്പ് സമരം തുടങ്ങി.