ksrtc-bus

TAGS

കെ. എസ്. ആർ.ടി.സിയിൽ ഓണത്തിന് മുൻപായി ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാൻ ആലോചന. സർക്കാർ അനുവദിച്ച 50 കോടി ഇന്ന് ലഭിച്ചാൽ തിങ്കളാഴ്ച മുതൽ ശമ്പളവിതരണം തുടങ്ങാനാണ് ശ്രമം. എന്നാൽ ശമ്പളത്തിന് പകരമായി കൂപ്പൺ വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ യൂണിയനുകൾക്ക്.

  

ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളമാണ് കെ. എസ്. ആർ.ടി.സി ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇത് പൂർണമായി നൽകാൻ 160 കോടി രൂപ വേണം. ഇതിനായാണ് 103 കോടി രൂപ വേണമെന്ന് കെ.എസ്. ആർ. ടി. സി ആവശ്യപ്പെട്ടതും ഹൈക്കോടതി നിർദേശിച്ചതും. എന്നാൽ 50 കോടിയാണ് സർക്കാർ ഇന്നലെ അനുവദിച്ചത്.

 

ഇതുകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്‌റ്റ്‌ അടച്ചു തീർക്കാനെ സാധിക്കു. അതിന് ശേഷം  വീണ്ടും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്ത് ജൂലൈ മാസത്തെ ശമ്പളം പകുതി നൽകാനാണ് കെ. എസ്. ആർ. ടി. സി യുടെ ആലോചന. ധനവകുപ്പ് അനുവദിച്ച പണം ഇന്ന് കെ. എസ്. ആർ.ടി. സി യുടെ അക്കൗണ്ടിലെത്തിയാൽ തിങ്കളാഴ്ചയോടെ ശമ്പളം നൽകാനാവും. ഇതിന് പുറമെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ മറ്റൊരു ഓവർ ഡ്രാഫ്റ്റിന് എസ് ബി ഐയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഓണം അഡ്വാൻസും ലഭിച്ചേക്കും. എന്നാൽ ഓണം ബോണസുണ്ടാവില്ല. ഓണത്തിന് മുമ്പ് ഓഗസ്റ്റിലെ ശമ്പളവും ലഭിക്കാനിടയില്ല. അതേസമയം ശമ്പളത്തിന് പകരം വിവിധ കൂപ്പൺ നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഇതിൽ മാനേജ്മെൻ്റ അന്തിമ തീരുമാനം എടുത്തിട്ടില്ല. കൂലിക്ക് പകരം കൂപ്പൺ തന്നാൽ വേണ്ടെന്നാണ് യൂണിയനുകളുടെ നിലപാട്.