ഇന്ത്യന്‍ നാവികസേനയ്ക്ക് ഇനി പുതിയ പതാക. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കൊളോണിയല്‍ കാലത്തിന്റെ എല്ലാ സൂചനകളും മാറ്റിയുള്ളതാണ് പുതിയ പതാകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിന്റെ കമ്മിഷനിങ്ങിന് മുൻപായാണ് പ്രധാനമന്ത്രി  നാവികസേനയുടെ പുതിയ പതാക പ്രദർശിപ്പിച്ചത്. 

മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള ഘടകങ്ങളും പുതിയ പതാകയിലുണ്ട്. പുതിയ പതാകയുടെ മുകളിലായി ദേശീയപതാകയുണ്ട്. നീല അഷ്ടഭുജാകൃതിയിലുള്ള കവചത്തിനുള്ളിൽ അശോക സ്തംഭവും നങ്കൂര ചിഹ്നവും ഉൾക്കൊള്ളിച്ചിട്ടുള്ള മുദ്രയും ഉണ്ട്. ഇന്ത്യൻ നാവിക സേനയുടെ ശക്തിയും പ്രവർത്തന മികവും വിളിച്ചുപറയുന്ന കവചം എട്ടു ദിക്കുകളേയും സൂചിപ്പിക്കുന്നുവെന്നും നാവിക സേന വ്യക്തമാക്കി.നങ്കൂര ചിഹ്നം ദൃഢ നിശ്ചയത്തെ കാണിക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ നാവിക സേനയ്ക്ക് ഇതു നാലാം തവണയാണ് പതാക മാറുന്നത്. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തെ പൂർണ്ണമായും  തള്ളുന്നതാണ് പുതിയ പതാക.രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനുയോജ്യമായ പുതിയ പതാകയാണു  നാവിക സേനയ്ക്ക് സ്വന്തമായത്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.