panapayyatt

തമിഴ്നാട്ടിലെ ഡി.എം.കെ. എം.എല്‍.എയുടെ വീട്ടിലെ കാതുകുത്തിനോട് അനുബന്ധിച്ചു നടത്തിയ പണപ്പയറ്റില്‍ പിരിഞ്ഞുകുട്ടിയതു പത്തുകോടി രൂപ. തഞ്ചാവൂര്‍ പേരാവൂരണി എം.എല്‍.എ. അശോക് കുമാര്‍ നടത്തിയ പണപ്പയറ്റില്‍  പതിനയ്യായിരം പേരാണ് പങ്കെടുത്തത്. കാതുകുത്തിന്റെ മറവില്‍ എം.എല്‍.എ. കള്ളപ്പണം വെളുപ്പിച്ചെന്നാണു എതിരാളികളുടെ ആരോപണം. എന്നാല്‍ നാട്ടിലെ പതിവു പണമിടപാടാണ് എന്നാണ് എം.എല്‍.എയും അനുയായികളും വാദിക്കുന്നത്. 

 

മലബാറിലെ പണപ്പയറ്റ് അല്ലെങ്കില്‍ കുറിക്കല്യാണത്തിന്റെ തമിഴ് പതിപ്പാണു മൊയ്. കഴിഞ്ഞ ദിവസം പേരാവൂരണി  എം.എല്‍.എ അശോക് കുമാര്‍ കുഞ്ഞിന്റെ കാതുകുത്തിനോട് അനുബന്ധിച്ചു മൊയ് നടത്തി. നാട് ഒന്നാകെ എം.എല്‍.എയുടെ വീട്ടിലേക്ക് ഒഴുകി.100 ആടുകളെ െവട്ടി 1300 കിലോ ആട്ടിറച്ചികൊണ്ടുള്ള ഗംഭീര വിരുന്നുമുണ്ടായിരുന്നു. ആയിരവും പതിനായിരവുമായി വന്നവരെല്ലാം പണപ്പയറ്റില്‍ ചെറുതല്ലാത്ത സഖ്യകള്‍ കൂടി. നോട്ടെല്ലാം എണ്ണിതീര്‍ത്തപ്പോള്‍ 10 കോടി രൂപയുണ്ടായിരുന്നു.

 

ഗ്രാമത്തിലെ മുഴുവന്‍ പേരെയും ക്ഷണിച്ചിരുന്നതിനാല്‍ പണം എണ്ണിതിട്ടപ്പെടുത്താന്‍ നോട്ടെണ്ണല്‍ മെഷീനുകള്‍ നേരത്തെ തന്നെ പന്തലില്‍ സജീകരിച്ചിരുന്നു. കൂടാതെ സുരക്ഷക്കായി തോക്കേന്തിയ ബൗണ്‍സര്‍മാരെയും  ഏര്‍പ്പാടാക്കിയിരുന്നു. കാര്‍ഷിക കലണ്ടറിന്റെ തുടക്കത്തില്‍ തമിഴ് ഗ്രാമങ്ങളില്‍ മൊയ് പതിവാണെങ്കിലും ഇത്രയും തുക പിരിഞ്ഞുകിട്ടുന്നതു സര്‍വകാല റെക്കോര്‍ഡാണ്