സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുടെ നിര്‍മാണം നടക്കുന്നത് ഉത്തരേന്ത്യയിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളിലും. ബെംഗളൂരു ആസ്ഥാനമാക്കിയ ലഹരിക്കടത്ത് സംഘത്തെ നയിക്കുന്നത് നൈജീരിയന്‍ സംഘമെന്നും വിവരം. പൊലീസ് പിടികൂടിയ രാജ്യാന്തര ലഹരിക്കടത്ത് സംഘാംഗമായ നൈജീരിയന്‍ പൗരന്‍ സംസ്ഥാനത്ത് ഉടനീളം എംഡിഎംഎ വിതരണം ചെയ്തതായും കണ്ടെത്തി.
ബംഗ്ലൂരുവില്‍ നിന്ന് പിടികൂടിയ നൈജീരിയന്‍ പൗരന്‍ ഒക്കാഫോര്‍ എസേ ഇമ്മാനുവലില്‍ നിന്നാണ് രാജ്യവ്യാപക ബന്ധങ്ങളുള്ള ലഹരിറാക്കറ്റിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഒക്കാഫോര്‍ കണ്ണിയായ ആഫ്രിക്കൻ ലഹരി മാഫിയ സംഘത്തിലെ അംഗങ്ങള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ക്യാംപ് ചെയ്താണ് വില്‍പന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലഹരിക്കടത്ത് ശ്രമകരമായതിനാല്‍ ഇന്ത്യയില്‍ തന്നെ സംഘം നിര്‍മാണം ആരംഭിച്ചുവെന്നാണ് വിവരം. ഡല്‍ഹി, ഗോവ, ബംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങള്‍ ഹബുകളാക്കിയാണ് എംഡിഎംഎയുടെ വിതരണം. കേരളത്തിലെ ഇടപാടുകാര്‍ ആശ്രയിക്കുന്നത് ബംഗ്ലൂരിലെ നൈജീരിയന്‍ സംഘത്തെ.
ഇയാളുടെ മൊബൈലില്‍ നിന്ന് മലയാളികളായ ഇടപാടുകാരുടെ വിവരം പൊലീസിന് ലഭിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് ഇടപാടുകാരുടെ പട്ടിക. ബംഗളൂരുവില്‍ താമസമാക്കിയ ഫോര്‍ട്ട്കൊച്ചി സ്വദേശി നിജു പീറ്ററായിരുന്നു കൊച്ചിയിലെ കണ്ണി. ഇയാളടക്കം അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒക്കാഫോര്‍ കൂടി പിടിയിലായതോടെ ലഹരിക്കടത്തിലെ ഒരു ചങ്ങല തകര്‍ക്കാനായെന്ന ആത്മവിശ്വാസത്തിലാണ് കൊച്ചി പൊലീസ്.