സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഗാന്ധിജി കേരളത്തിനോട് ആദ്യമായി സംസാരിച്ച സ്ഥലങ്ങളിലൊന്നാണ് കോഴിക്കോട് കടപ്പുറം. പയ്യന്നൂര്‍ കടപ്പുറത്ത് തുടങ്ങിയ ഉപ്പുകുറുക്കല്‍ സമരം മുഴുവന്‍ മലബാര്‍ ജില്ലകളിലേയ്ക്കും വ്യാപിച്ച ഘട്ടത്തിലാണ് മഹാത്മ കോഴിക്കോടിന്‍റെ മണ്ണിലെത്തിയത്.
ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരി കൊണ്ടിരിക്കേയായിരുന്നു ഗാന്ധിജിയുടെ വരവ്. കെ. കേളപ്പനും കെ.പി. കേശവമേനോനും മുഹമ്മദ് അബ്ദുറഹ്മാനും ഒപ്പം നിന്നു. ഇരുപതിനായിരത്തിലധികം ആളുകളെത്തി ഗാന്ധിജിയെ കേള്‍ക്കാന്‍. കോഴിക്കോടിന്‍റെ ഓരോ മണല്‍തരികളെയും കോരിതരിപ്പിച്ച് ഗാന്ധിജി അന്ന് പ്രസംഗിച്ചത് ഈ ഭാഗത്താണ്. പ്രസംഗം സമരാഗ്നിയെ ആളികത്തിച്ചു.
ഉപ്പുസത്യാഗ്രഹത്തിനൊപ്പം കേരളവും ഉണ്ടെന്ന് തെളിയിക്കാന്‍ കോഴിക്കോട്ടെ പോരാളികള്‍ക്കായി. 1930 ഏപ്രില്‍ 13നായിരുന്നു കേളപ്പജിയുടെ പയ്യന്നൂരിലേയ്ക്കുള്ള യാത്ര തുടങ്ങിയത്. മേയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സമരത്തിന്‍റെ രീതി മാറി. സമരത്തില്‍ പങ്കെടുത്തതിന് മിക്കവരെയും ജയിലിലടച്ചു. സ്വാതന്ത്ര്യം നിഷേധിക്കുന്ന വാതിലുകളോ മതില്‍ക്കെട്ടുകളോ ഇല്ലാത്ത ചെങ്കല്ലില്‍ തീര്‍ത്ത ഫ്രീഡം സ്ക്വയറില്‍ ഇപ്പോഴും പുതുതലമുറയ്ക്ക് കേള്‍ക്കാം പൂര്‍വികള്‍ വിളിച്ച ആ പഴയ മുദ്രാവാക്യങ്ങള്‍. സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ഒാര്‍മയ്ക്കായി അന്‍പത് വര്‍ഷം മുമ്പ് സ്ഥാപിച്ച സ്തൂപം ഇന്നുമുണ്ടിവിടെ.