ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ധീരതകൊണ്ട് ജനകോടികള്‍ക്ക് ആവേശവും പ്രചോദനവുമായ വ്യക്തിയാണ് ഭഗത് സിങ്. 24-ാം വയസ്സില്‍ ബ്രട്ടീഷുകാര്‍ തൂക്കിലേറ്റിയ ഭഗത് സിങ് അവസാനമായി ഒളിവില്‍ കഴിഞ്ഞത് ഡല്‍ഹിയിലായിരുന്നു. ഡൽഹിയിലെ കേന്ദ്ര നിയമ നിർമാണ സഭയിൽ ബോംബാക്രമണം നടത്തുന്നതിന് മുമ്പ് ഭഗത് സിങ് ഒളിവില്‍ കഴിഞ്ഞുവെന്ന് പറയപ്പെടുന്ന വീട് ഇന്നും പുരാതന ഡല്‍ഹിയിലെ ഷാജഹാനാബാദിലുണ്ട്. 

സമര ചരിത്രത്തിലെ ധീരതയുടെ പര്യായം. ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ സമരത്തിനായി ആയുധമെടുത്ത വിപ്ലവകാരി. തൂക്ക് കയറിന് മുന്നിലും ശിരസ്സ് കുനിക്കാത്ത പോരാളി. ആ പേര് കേള്‍ക്കുമ്പോള്‍ ഇന്നും ഇന്ത്യന്‍ യുവതയുടെ ചോര തിളക്കും. 1929 ഏപ്രില്‍ എട്ടിന് ഡല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഭഗത് സിങ് ബ്രിട്ടീഷുകാരുടെ പിടിയിലാകുന്നത്. ഇതിനുമുമ്പ് ഭഗത് സിങ് ഒളിവില്‍ താമസിച്ചുവെന്ന് പറയുപ്പെടുന്ന പുരാതന ഡല്‍ഹിയിലെ ഷാഹജാഹാനാബദിലുള്ള വീടാണിത്. 

ഭഗത് സിങിനെ ഈ വീട്ടില്‍ പാര്‍പ്പിച്ച നസീര്‍ മിര്‍സ ചെങ്കേസി ഇന്ന് ജീവിച്ചിരിപ്പില്ല. മകന്‍ സിക്കന്തര്‍ ബേഗും കുടുംബവും ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വാതന്ത്ര സമരങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന പിതാവ് നസീര്‍ മിര്‍സ, കോണ്‍ഗ്രസ് നേതാക്കളായ ജുഗല്‍ കിഷോര്‍ ഖന്നയുടെയും ആസിഫലി ബാരിസ്റ്ററിന്‍റെയും നിര്‍ദേശപ്രകാരമാണ് ഭഗത് സിങിനെ ഈ വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതെന്ന് സിക്കന്തര്‍ പറയുന്നു. 

കുറച്ച് ദിവസം ഇവിടെ താമസിപ്പിച്ച ശേഷം ദരിയാഗഞ്ചിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് മാറ്റിയെന്നും, അവിടെ ഒരു ബ്രാമണനെന്ന വ്യജേനയാണ് ഭഗത് സിങ് താമസിച്ചതെന്നും മരിക്കുന്നതിന് മുമ്പ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ മിര്‍സ പറയുന്നുണ്ട്. സിക്കന്തറിന്‍റെ പിതാവ് മാത്രമല്ല, പിതാമഹന്‍ അഫ്രാസിയാബ് ബേഗും സ്വാതന്ത്ര സമരത്തില്‍ സജീവമായിരുന്നു. അഫ്രാസിയാബ് സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്നുവെന്നും സിക്കന്തര്‍ പറയുന്നു.