കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും നേടി ചരിത്രം കുറിച്ച് മലയാളി താരങ്ങള്‍. എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുല്ല അബൂബക്കര്‍ വെള്ളിയും നേടി. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരമായി എല്‍ദോസ്. കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആറാമത്തെ മാത്രം സ്വര്‍ണമാണ്. മലയാളത്തിനിത് ചരിത്രനിമിഷം. പൊണ്ണണിഞ്ഞ് എല്‍ദോസ് പോളും വെള്ളിത്തിളക്കത്തില്‍ അബ്ദുല്ല അബൂബക്കറും. ഒറ്റചാട്ടത്തിന് പതിനൊന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേയ്ക്കെത്തി എല്‍ദോസ്. സ്വര്‍ണം ഉറപ്പിച്ച് 17.03 മീറ്റര്‍ മറികടന്നത് മൂന്നാം ശ്രമത്തില്‍. വിട്ടുകൊടുത്തില്ല അബ്ദുല്ല അബൂബക്കറും. 17.02 മീറ്റര്‍ ചാടി ബര്‍മുഡയുടെ പെറിന്‍ചീഫിനെ മറികടന്ന് എല്‍ദേസിന് തൊട്ടുപിന്നിലേയ്ക്ക് കുതിച്ചെത്തിയത് അഞ്ചാം അവസരത്തില്‍. മലയാളി താരങ്ങള്‍ക്ക് മാത്രമാണ് മല്‍സരത്തില്‍ 17 മീറ്ററിന് അപ്പുറം കണ്ടെത്താനായത്. ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍ തുടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഗെയിംസിൽ ഇന്ത്യയുടെ 16–ാം സ്വർണമാണിത്.
എല്‍ദോസ് പോൾ , അബ്ദുള്ള അബൂബക്കർ
പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കൽ സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ തോൽപിച്ചത്. ബോക്സിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതാ ബോക്സിങ്ങിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5–0നാണു നിതു കീഴടക്കിയത്. പുരുഷൻമാരുടെ ബോക്സിങ്ങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ന്യൂസീലൻഡിനെ പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.
അതേസമയം വനിതാ സിംഗിൾസ് ബാഡ്മിന്റനിൽ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18–ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോൽപിച്ചത്. സ്കോർ– 21–19, 21–17.