ദേശീയപാതയിൽ അങ്കമാലി കറുകുറ്റി ഭാഗത്തുള്ളത് നൂറിലധികം കുഴികൾ. അടിയന്തരമായി കുഴികൾ അടയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ദേശീയപാത അതോറിറ്റി പണി തുടങ്ങിയെങ്കിലും വൈകുകയാണ്. അതിനിടെ മഴക്കാലത്തിന് മുൻപ് പൊതുമരാമത്ത് റോഡുകളുടെ അടക്കം മരാമത്ത് പണികൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ദേശീയപാതയിൽ അങ്കമാലിക്കും കറുകുറ്റിക്കും ഇടയിലുള്ള കരയാംപറമ്പിൽ മാത്രം ചെറുതും വലുതുമായ നൂറിലധികം കുഴികളുണ്ട് . പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം മരിക്കാനിടയായ റോഡിലെ കുഴി മൂടിയെങ്കിലും ഇത്തരത്തിൽ എണ്ണമറ്റ കുഴികൾ അവശേഷിക്കുകയാണ്.
ഹാഷിമിന്റെ കുടുംബത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണമെന്ന് കുടുംബത്തെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുൻപ് പൊതുമരാമത്ത് റോഡിലെ മരാമത്ത് പണികളടക്കം നടന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ താൻ വിമർശിച്ചില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഹാഷിമിന്റെ മരണത്തിൽ ഉദ്യോഗസ്ഥരുടെ പേരിലടക്കം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഹോദരൻ മുഹമ്മദ് ഷാഫി ആവശ്യപ്പെട്ടു. ഹാഷിമിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും അടക്കം അർഹമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണമെന്നും സഹോദരൻ അഭ്യർഥിച്ചു.