‘രാഷ്ട്രപത്നി’ പരാമര്‍ശത്തില്‍ ലോക്സഭ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാപ്പുപറഞ്ഞു. നാക്കുപിഴയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ എംപി . രേഖാമൂലമാണ് മാപ്പുപറഞ്ഞത്. വിഡിയോ റിപ്പോർട്ട് കാണാം.
അതേസമയം, പാര്‍ലമെന്‍റ് വര്‍ഷകാലസമ്മേളനത്തിന്‍റെ രണ്ടാം ആഴ്ച്ചയും പ്രതിഷേധത്തില്‍ ഒലിച്ചുപോയി. അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പ്രയോഗത്തിനെതിരെ ഭരണപക്ഷം ഇന്നും പോരടിച്ചു. സോണിയ ഗാന്ധിയെ ബിജെപി എംപിമാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം കോണ്‍ഗ്രസ് ആയുധമാക്കി. കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അധിര്‍ രഞ്ജന്‍ ചൗധരിയെ പരോക്ഷമായി വിമര്‍ശിച്ചത് കോണ്‍ഗ്രസിന് ക്ഷീണമായി. അതിനിടെ, രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കേന്ദ്രമന്ത്രിമാരായ അമിത് ഷായും സ്മൃതി ഇറാനിയും കൂടിക്കാഴ്ച്ച നടത്തി.
രാജ്യസഭയും ലോക്സഭയും ഇന്ന് പ്രവര്‍ത്തിച്ചത് മിനിറ്റുകള്‍ മാത്രം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച് ഉന്നയിച്ച് ഭരണപക്ഷം ഇന്നും പ്രതിഷേധിച്ചു. സോണിയ ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി എംപിമാരും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയം പ്രിവിലേജ് കമ്മറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കി. കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസും നല്‍കിയിരുന്നു. സ്മൃതി ഇറാനി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. ഭരണഘടന പദവിയിലിരുന്നത് സ്ത്രീയായാലും പുരുഷനായാലും തുല്യബഹുമാനം നല്‍കണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ തള്ളി മനീഷ് തിവാരി ട്വീറ്റ് ചെയ്തു. രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാജ്യസഭാംഗമല്ലാത്ത സോണിയ ഗാന്ധിയെക്കുറിച്ച് രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നിര്‍മല സീതാരാമനും പരാമര്‍ശം നടത്തിയെന്നും ചൂണ്ടിക്കാട്ടി ജയ്റാം രമേശ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കി. വിലക്കയറ്റം, ജിഎസ്ടി നിരക്ക് മാറ്റം, അഗ്നിപഥ് പദ്ധതി എന്നിവ ഉന്നയിച്ച് മറ്റു പ്രതിപക്ഷപ്പാര്‍ട്ടികളും പ്രതിഷേധിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ സമരം പാര്‍ലമെന്‍റ് വളപ്പില്‍ തുടര്‍ന്നു.