ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. പതിനാറാം സാക്ഷിയും അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താൽക്കാലിക വാച്ചറുമായ അബ്ദുല്‍ റസാഖാണ് ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ കൂറു മാറിയത്. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് റസാഖ് മൊഴി നൽകിയത്. പൊലീസിന്റെ നിര്‍ബന്ധപ്രകാരമാണ് നേരത്തെ സാക്ഷിമൊഴി നല്‍കിയതെന്നും റസാഖ് വ്യക്തമാക്കി. ഇതോടെ കേസില്‍ തുടര്‍ച്ചയായി കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ആറായി. പൊലീസ് സംരക്ഷണം ഉള്‍പ്പെടെ നല്‍കിയിട്ടും സാക്ഷികള്‍ കൂറുമാറുന്നതില്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ ആശങ്ക അറിയിച്ചിരുന്നു. അബ്ദുള്‍ റസാഖിനെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മൊഴി മാറ്റിയ താല്‍ക്കാലിക വാച്ചര്‍ അനില്‍കുമാറിനെയും വനംവകുപ്പ് കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.