രാജ്യത്തിന് പതിനഞ്ചാമത്തെ പ്രഥമപൗരൻ കടന്നെത്തുമ്പോള്‍, ഓര്‍മയില്‍ അഭിമാനം നിറയ്ക്കുന്ന മറ്റൊരു ചരിത്രത്തെക്കുറിച്ച് പറയാതെ പറ്റില്ല. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച മലയാളി. കേരളീയരുടെ സ്വകാര്യ അഹങ്കാരം കൂടിയായ കെ.ആർ.നാരായണൻ. രാഷ്ട്രപതി പദവിയിലെത്തിയ ഈ ഏക മലയാളി ഇന്നും രാജ്യത്തിന് ആത്മവിശ്വാസം പകരുന്ന ഊര്‍ജസാന്നിധ്യമാണ്.
കോട്ടയം ജില്ലയിലെ ഉഴവൂരിൽ ജനിച്ച കൊച്ചേരിൽ രാമൻ നാരായണൻ, ഇന്ത്യയുടെ 10–ാമത്തെ രാഷ്ട്രപതി. 1997 ജൂലൈ 25 മുതൽ 2002 ജൂലൈ 25 വരെ രാഷ്ട്രപതി സ്ഥാനത്ത്. ഐ.കെ. ഗുജ്റാൾ, അടൽ ബിഹാരി വാജ്പേയ് എന്നീ പ്രധാനമന്ത്രിമാരുടെ കാലത്തായിരുന്നു കെ.ആർ.നാരായണന്റെ രാഷ്ട്രപതി കാലയളവ്. പ്രസിഡന്റ് പദവിയിലെത്തിയ ആദ്യമലയാളിയും പിന്നാക്ക വിഭാഗക്കാരനുമാണ് ഈ കോട്ടയത്തുകാരന്‍ എന്നത് കേരളത്തിന്റെ കൂടി അഭിമാനം.അമേരിക്കയിൽ നിന്നും ഉന്നതപഠനം പൂര്‍ത്തിയാക്കിയ നാരായണനെ ആദ്യമായി രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. 1984ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം സംവരണമണ്ഡലത്തിൽ നിന്ന് മല്‍സരിച്ച നാരായണൻ ആദ്യമായി ലോക്സഭയിലെത്തി. തുടര്‍ന്നും രണ്ട് തവണകൂടി ഇതേ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ പല കാലയളവില്‍ സഹമന്ത്രിയായിരുന്ന കെ.ആര്‍.നാരായണന്‍ 1992 ഓഗസ്റ്റ് 21ന് ഡോ. ശങ്കർ ദയാൽ ശർമ്മയുടെ കീഴിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്നത്. പിന്നീട് 1997ല്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയുമായി.
രാഷ്ട്രപതി പദവി കേവലമൊരു അലങ്കാരപദവി മാത്രമെന്ന് പരിഹസിക്കപ്പെട്ട കാലത്ത്, പദവിയിലെ വിവേചനാധികാരം ക്രിയാത്മകമായി ഉപയോഗിച്ച രാഷ്ട്രപതിമാരില്‍ ഒരാള്‍ കൂടിയായിരുന്നു കെ.ആര്‍.നാരായണന്‍. കാർഗിൽ യുദ്ധസമയത്തും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ സുവർണ ജൂബിലി സമയത്തും ഇന്ത്യൻ പ്രസിഡന്റ് പദവിയില്‍ ഈ മലയാളി ആയിരുന്നു. പദവിയിലിരിക്കവേ കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ച പല സന്ദര്‍ഭങ്ങള്‍ക്കും രാജ്യം സാക്ഷിയായിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം രേഖാമൂലം തെളിയിക്കാതെ
ഒരു മുന്നണിയെയും ഭരണമേറാന്‍ അനുവദിക്കരുത് എന്ന നിലപാടുള്ള പ്രസിഡന്റായിരുന്നു കെ ആര്‍ നാരായണന്‍. 1997ല്‍ പലവട്ടം കോണ്‍ഗ്രസും ബിജെപിയും മൂന്നാം മുന്നണിയും സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ നടത്തി. 1998ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും, ബി.ജെ.പി നേതാവായിരുന്ന വാജ്പേയി, മന്ത്രിസഭയ്ക്കുവേണ്ടി അവകാശം ഉന്നയിച്ചു. വ്യക്തമായ ഭൂരിപക്ഷം കാണിക്കുന്ന സമ്മതപത്രങ്ങൾ ഹാജരാക്കുവാൻ നാരായണൻ ആവശ്യപ്പെട്ടു. എന്നാൽ അപ്രതീക്ഷിതമായി ജയലളിതയുടെ നേതൃത്വത്തിലുള്ള ഓൾ
ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്നു കാണിച്ച് കത്തു നൽകി. വാജ്പേയിയോട് സഭയിൽ വിശ്വാസവോട്ടു തേടാൻ രാഷ്ട്രപതി ആവശ്യപ്പെട്ടു. എന്നാല്‍ എൻ.ഡി.എ.സർക്കാർ സഭയിൽ പരാജയപ്പെട്ടു. തുടർന്ന് കോൺഗ്രസ്സും, ബി.ജെ.പിയും മന്ത്രിസഭാ രൂപീകരണത്തിനു ശ്രമിച്ചെങ്കിലും, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
രണ്ട് തവണ ലോക്സഭ പിരിച്ചുവിട്ട ചരിത്രവും കെ.ആര്‍ നാരായണന്റേതായുണ്ട്. കോണ്‍ഗ്രസ്, ഐ.കെ ഗുജ്റാൾ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച സമയത്തായിരുന്നു ആ നടപടി. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നുറപ്പുള്ളപ്പോഴായിരുന്നു തീരുമാനം. സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാനുള്ള രണ്ട് ശുപാര്‍ശകള്‍ തിരിച്ചയച്ചും നിലപാടുറപ്പിച്ച രാഷ്ട്രപതിയായിരുന്നു കെ.ആര്‍.നാരായണന്‍. കരുണാനിധിയുടെ അര്‍ധരാത്രി അറസ്റ്റിനു പിന്നാലെ തമിഴ്‌നാട് ഗവര്‍ണറെ തിരിച്ചുവിളിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
‘വോട്ടു ചെയ്യുന്നില്ലെങ്കിൽ രാഷ്ട്രപതി അപൂർണനാണ്. വോട്ടു ചെയ്യുമ്പോഴും രാഷ്ട്രപതിക്കു നിഷ്പക്ഷനായിരിക്കാൻ കഴിയും. എനിക്ക് അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ട്, രാജ്യത്തിന് എന്നിലും വിശ്വാസമുണ്ടാകണം’–ഇതായിരുന്നു കെ.ആര്‍.നാരായണന്റെ കാഴ്ചപ്പാട്. ഭരണഘടനപോലും ചോദ്യം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍, ഓരോ നീക്കങ്ങളിലും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കെ.ആര്‍ നാരായണന്‍ വേറിട്ടുനില്‍ക്കുന്നതും അതുകൊണ്ട് കൂടിയാണ്.‘തിരഞ്ഞെടുപ്പിനുള്ള ഉത്തരവു ഞാൻ ഒപ്പിടുമ്പോൾ ഓരോ പൗരനോടും വോട്ടു ചെയ്യാൻ നിർദേശിക്കുകയാണു ചെയ്യുന്നത്. നിങ്ങൾ എന്നെ പ്രഥമ പൗരൻ എന്നു വിളിക്കുന്നുവെങ്കിലും സാധാരണ പൗരനാണെന്ന കാര്യം ഞാൻ എപ്പോഴും ഓർമിക്കണം’. ഇങ്ങനെയായിരുന്നു വോട്ട് ചെയ്താൽ രാഷ്ട്രപതിപദവിയുടെ നിഷ്പക്ഷത നഷ്ടമാകുമെന്ന വിമർശനങ്ങളോട് കെ.ആര്‍. നാരായണന്റെ പ്രതികരണം. രാഷ്ട്രപതി പദവിയിലിരിക്കേ ആദ്യമായി വോട്ട് ചെയ്തത് കെ.ആര്‍ നാരായണനാണ്. കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി പദവി വഹിച്ചത് അദ്ദേഹമായിരുന്നു. 1999ല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയും പിന്നീട് അത് യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോള്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭയായിരുന്നു ഭരിച്ചിരുന്നത്. സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഇല്ലാത്തതുകൊണ്ട് തന്നെ സൈനികത്തലവന്‍മാരോട് യുദ്ധനീക്കങ്ങള്‍ചര്‍ച്ച ചെയ്തിരുന്നതും രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ നേരിട്ടുതന്നെ.
രാജ്യത്തെ പരമോന്നത പദവിയില്‍ ചരിത്രനേട്ടങ്ങളോടെ സ്വന്തം പേരിനെയും ജന്മനാടിനെയും അടയാളപ്പെടുത്തിയിട്ടും എന്തുകൊണ്ട് കേരളത്തിന്റെ ഓര്‍മകളില്‍ കെ.ആര്‍.നാരായണന് ഇടം ലഭിക്കുന്നില്ല? ഒരു ജന്മവാര്‍ഷികദിനത്തില്‍ പോലും സര്‍ക്കാരോ സാംസ്കാരിക സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ അദ്ദേഹത്തെ വിസ്മരിക്കുന്നതെന്തുകൊണ്ട്? കോട്ടയം സി എം എസ് കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഒന്നാം റാങ്കോടെ പാസായി പുറത്തിറങ്ങിയ കാലത്ത് കെ.ആര്‍ നാരായണന് ബിരുദദാനച്ചടങ്ങ് ബഹിഷ്കരിക്കേണ്ടിവന്നത് തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരില്‍നിന്ന് ദലിതനായതുകൊണ്ട് നേരിടേണ്ടിവന്ന അവഗണനയും അപമാനവും കൊണ്ടായിരുന്നു. ഇതേ അവഗണന തന്നെയാണ് അദ്ദേഹത്തിന്റെ ഓര്‍മകളോടും ആവര്‍ത്തിക്കപ്പെടുന്നത്. 1997ല്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി നാരായണന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ദലിതനായതുകൊണ്ടാണ് മറ്റുള്ള പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചത് എന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ടി.എന്‍.ശേഷന്റെ വിവാദ പ്രതികരണം.
മലയാളിക്ക് എന്നും അഭിമാനമായ മുന്‍ രാഷ്ട്രപതിയുടെ പേരില്‍ ഒരു പ്രതിമ പോലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ല. കെ.ആര്‍.നാരായണന്‍ വിടപറഞ്ഞ് 17 വര്‍ഷങ്ങള്‍ക്കിപ്പുറവും ആകെയുള്ളത് അദ്ദേഹം താമസിച്ചിരുന്ന കേച്ചേരി തറവാട്ടിലെ സമൃതി മണ്ഡപത്തില്‍ സൂക്ഷിച്ച ചിതാഭസ്മം മാത്രം. വീട്ടിലേക്കുള്ള റോഡില്‍ സ്മൃതി മണ്ഡപമോ വീടോ സൂചിപ്പിക്കുന്ന ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. കെ.ആര്‍ നാരായണന്‍ പഠിച്ച സ്കൂളിന്റെ പേര് കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയുടെയും ലൈബ്രറിയുടെയും പേര് അദ്ദേഹത്തിന്റെ ഓര്‍മയിലാണ്. ഇത്രയൊക്കെയേ ഉള്ളൂ മലയാളിയുടെ ഏക രാഷ്ട്രപതിയുടെ ഓര്‍മയ്ക്ക് കേരളം ചെയ്ത കാര്യങ്ങള്‍. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് കഴിവും കഠിനാധ്വാനവും കൊണ്ട് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ വ്യക്തിയാണ് കെ.ആര്‍.നാരായണന്‍. കൈവെച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിത്വം മുദ്രണം ചെയ്തയാള്‍. എന്നിട്ടും ജന്മനാട്ടില്‍പ്പോലും വിസ്മരിക്കപ്പെടുന്നു അദ്ദേഹം.
സമര്‍ഥനായ നയതന്ത്രജ്ഞന്‍ എന്നാണ് ജവഹര്‍ലാല്‍ നെഹ്റു കെ.ആര്‍.നാരായണനെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലും ഇന്ത്യയെ നയിച്ച രാഷ്ട്രപതി. എന്നിട്ടും പിന്നാലെ വന്നവര്‍ ആഘോഷിക്കപ്പെടുമ്പോഴും ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി വിസ്മൃതികളിലാകുന്നു. രാജ്യം പുതിയ പടവുകള്‍ താണ്ടുമ്പോഴും ചരിത്രത്തോട് കാണിക്കുന്ന ഈ വലിയ തെറ്റ് കറുത്ത പാടായി ബാക്കിയാകുന്നു