abudhabi-twin-murder-05

 

അബുദാബിയില്‍ വച്ച് മലയാളികളായ ഹാരിസിനേയും ഡെന്‍സി ആന്‍റണിയേയും കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികളും കൊലപാതകം നടക്കുമ്പോള്‍ അബുദാബിയില്‍ ഉണ്ടായിരുന്നുവെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. കേരളത്തില്‍ ഹാരിസിനെ കൊലപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചതിന്‍റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിന്‍ അഷ്റഫില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് ഹാരിസ് കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

 

ഹാരിസ് നല്‍കിയ പരാതിയില്‍  അഷ്റഫ് കൈപ്പഞ്ചേരി അബുദാബിയിലെ ജയിലിലായതിന്‍റെ വിരോധം തീര്‍ക്കാനാണ് തന്നെ കൊലപ്പെടുത്താന്‍ പിന്തുടരുന്നത് എന്നായിരുന്നു കൊല്ലപ്പെടുന്നതിന് മുന്‍പ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. റിസോട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികള്‍ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്‍റെ പരാതിയിയിലുണ്ട്. കൊലപാതക നീക്കം മുന്‍കൂട്ടി മനസിലാക്കിയ കുന്നമംഗലം എസ്.ഐ ചില പ്രതികളെ പിടികൂടിയെങ്കില്‍ പോലും ഉന്നത സ്വാധീനത്താല്‍ വിട്ടയച്ചതായും വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയ ഘട്ടത്തില്‍ കൊലയാളി സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കൊലപാകത്തിന് അബുദാബിയിലേക്ക് സംഘം പോവില്ലായിരുന്നുവെന്ന വിലയിരുത്തലിലാണ് ഹാരിസിന്‍റെ ബന്ധുക്കള്‍. 

 

പാരമ്പര്യ വൈദ്യന്‍ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് അബുദാബിയിലേയും കൊലയാളി സംഘം. എട്ടു പേരും കൊലപാതകം നടക്കുന്ന സമയത്ത് അബുദാബിയില്‍ പോയതിന്‍റെ പാസ്പോര്‍ട്ട് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹാരിസിന്‍റെ മാതാവ് ഗള്‍ഫിലെത്തി കിട്ടിയ തെളിവുകള്‍ സഹിതം പരാതി നല്‍കുന്നതോടെ അബുദാബി പൊലീസ് കേസില്‍ പുനരന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.