തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തില്‍ പിറന്ന ജീവിതത്തില്‍ ഒരു പ്രയാസവും അറിയാതെ വളര്‍ന്ന പ്രതാപ് പോത്തന്‍ എന്ന ജീനിയസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകര്‍ച്ചയായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്താണ് സാമ്പത്തിക ഭദ്രത മുഴുവന്‍ തകര്‍ന്ന് ബിസിനസുകള്‍ ഒന്നൊന്നായി പൊളിഞ്ഞത്. പഠനം തുടരുന്നതുതന്നെ പ്രയാസമായി. ഒരു വിധത്തില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിഎ പൂര്‍ത്തിയാക്കി മുംബൈയ്ക്ക് വണ്ടി കയറി. എം.സി.എം എന്ന പരസ്യക്കമ്പനയില്‍ പ്രൂഫ് റീഡറായി തുടക്കം. പിന്നെ കോപ്പി റൈറ്ററായി.
കമ്പനികള്‍ പലതുമാറി. പല നഗരങ്ങള്‍. ഒടുവില്‍ വിധിനിയോഗം പോലെ വീണ്ടും മദ്രാസില്‍. ജോലിക്കൊപ്പം അല്‍പം നാടകപ്രവര്‍ത്തനത്തനവും ആരംഭിച്ചു. ഗിരീഷ് കര്‍ണാട് ഉള്‍പ്പെട്ട 'മദ്രാസ് പ്ലേയേഴ്സ്' എന്ന നാടകസംഘത്തില്‍ അഭിനേതാവായി തുടക്കം. ബര്‍ണാഡ് ഷായുടെ നാടകം അരങ്ങില്‍ തകര്‍ക്കുമ്പോഴാണ് ഭരതന്റെ കണ്ണില്‍പ്പെടുന്നത്. അതായിരുന്നു അടുത്ത വഴിത്തിരിവ്. ഭരതന്‍റെ അടുത്ത സിനിമയായ ആരവം പ്രതാപ് പോത്തന്റെ അരങ്ങേറ്റസിനിമയായി. അടുത്തത് തകര. കുറേക്കാലം പെട്ടിയിലിരുന്ന പടം റിലീസായപ്പോള്‍ വന്‍ ഹിറ്റ്. നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലെ മുന്‍നിര സംവിധായകര്‍ക്കും താല്‍പര്യം. ബാലു മഹേന്ദ്ര, കെ.ബാലചന്ദര്‍ തുടങ്ങിയ അതികായന്മാരുടെ സിനിമകള്‍ തമിഴിലും താരമാക്കി.
തമിഴിലെ എക്കാലത്തേയും മികച്ച സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്തതുകൊണ്ടാവാം, സ്വന്തം സിനിമ എന്ന ആഗ്രഹം വൈകാതെ മുളപൊട്ടി. അങ്ങനെ സംഭവിച്ചതാണ് 'മീണ്ടും ഒരു കാതല്‍ കതൈ'. മികച്ച നവാഗതസംവിധായകര്‍ക്കുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി പുരസ്കാരം നേടി പ്രതാപ് പോത്തന്‍ ഇന്ത്യന്‍ സിനിമയില്‍ ഉദിച്ചുയര്‍ന്നു. ഡെയ്‌സി, വെറ്റ്‌റിവിഴ, ആത്മ, ചൈതന്യ, യാത്രാമൊഴി തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തി. പലതും സൂപ്പര്‍ ഹിറ്റുകള്‍.
പ്രതാപ് പോത്തന്റെ ആദ്യവിവാഹത്തിലേക്ക് നയിച്ചത് 'മീണ്ടും ഒരു കാതല്‍ കഥൈ' ആയിരുന്നു. ചിത്രത്തിലെ നിര്‍മാതാവും നായികയുമായ രാധിക പ്രതാപ് പോത്തന്റെ ജീവിതത്തിലും നായികയായി. കഷ്ടിച്ച് രണ്ടുവര്‍ഷം മാത്രമേ ഈ ബന്ധത്തിന് ആയുസ്സുണ്ടായുള്ളു. അതേപ്പറ്റി പ്രതാപ് പോത്തന്‍ പിന്നീട് പറഞ്ഞത് ഇങ്ങനെ. ‘‘രാധിക എന്റെ നല്ല സുഹൃത്തായിരുന്നു. അതു നല്ലതുതന്നെ . സിനിമയിൽ സുഹൃദ്‌ബന്ധം പലരും ജീവിതത്തിലേക്ക് വലിച്ചിഴക്കാറില്ല. വലിച്ചിഴക്കുകയുമരുത്. എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാന്‍ ചെയ്തത് തെറ്റാണെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ബന്ധുക്കളും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്‌ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. പിന്നീട് ബന്ധം ഡ്രൈ ആയി, തുടർന്ന് ട്രബിളായി, ടെറിബിളായി, ഹൊറിബിളായി, ഒടുവില്‍ സെപ്പറേറ്റഡ് ആയി. നോ വണ്‍ കാൻ ബി ബ്ലെയിംഡ്, നടന്നത് നടന്നു. അക്കാലത്തെ ഒരു ന്യൂജനറേഷൻ ലൈഫെന്നു കരുതിയാൽ മതി.’’
പിന്നീട് സിനിമയില്‍ വീണ്ടും സജീവമായി. എംടിയെ കണ്ടത് അടുത്ത വഴിത്തിരിവ്. ഋതുഭേദം ചെയ്തു. സിനിമയ്ക്ക് പനോരമ സെലക്ഷനും തിലകന് ദേശീയ പുരസ്കാരവും ലഭിച്ചു. അക്കാലത്ത് കമലഹാസന്റെ ശുപാര്‍ശയില്‍ ശിവാജി ഫിലിംസുമായി ബന്ധപ്പെട്ടു. 'ജീവ'യും 'വെറ്റ്റിവിഴാ'യും 'മൈ ഡിയർ മാർത്താണ്ഡനും' ചെയ്‌തു. വീണ്ടുമൊരു ഇടവേള.
1990ല്‍ പരസ്യരംഗത്ത് വീണ്ടും സജീവമായി. അതിനിടെയാണ് ടാറ്റയില്‍ ജനറല്‍ മാനേജരായിരുന്ന അമലയുമായുള്ള വിവാഹം. അവര്‍ മുംബൈയിലായിരുന്നു. 22 വര്‍ഷം നീണ്ട ദാമ്പത്യത്തിന് 2012ല്‍ വിരാമമിട്ടു. ഒരു മകളുണ്ട്. രണ്ടാംവിവാഹത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പ്രതാപ് പോത്തന്‍റെ നിലപാട് ഇങ്ങനെ.
‘‘രണ്ടു വ്യക്‌തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാക്കാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങളെല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്‌തു. അമലയും കേയയും എന്നോടൊപ്പമില്ല. ഒരിക്കലേ ഞാൻ എന്റെ ഹൃദയം പ്രണയത്തിനുവേണ്ടി തുറന്നുള്ളു. അത് രാധികയ്‌ക്കുവേണ്ടി ആയിരുന്നു. വീണ്ടും ഒരിക്കൽ കൂടി ഞാൻ വിവാഹിതനായി. അച്‌ഛനുമായി. പക്ഷേ എനിക്കൊരു നല്ല ഭർത്താവാകാൻ കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമല്ല. വിവാഹം വളരെ വളരെ ഔട്ട് ഡേറ്റഡ് ആയ ഒരു അഫയർ ആണെന്ന് ഞാൻ കരുതുന്നു. എല്ലാ ബന്ധങ്ങളും നിങ്ങളെ ഒരു ശീലത്തിലേക്ക് നയിക്കുന്നു. ശീലങ്ങൾ ആവർത്തിക്കപ്പെടുന്ന അനുഷ്‌ഠാനങ്ങളാകുന്നു. രസകരമെന്ന് ഭാവിക്കുമ്പോഴും ശീലങ്ങൾ ആവർത്തനങ്ങൾകൊണ്ട് ബോറടിപ്പിക്കുന്നവയാണ്. അതിൽ പുതുമയോ സാഹസികതയോ നിങ്ങൾക്ക് കണ്ടെത്താനാകുന്നില്ല.’’
പിന്നീട് നീണ്ട ഒരിടവേളയായിരുന്നു. പ്രതാപ് പോത്തന്‍ എവിടെയെന്നുപോലും മലയാളസിനിമാസ്വാദകര്‍ മറന്ന വലിയ ഇടവേള. എന്നാല്‍ 22 ഫീമെയിൽ കോട്ടയം അടുത്ത വഴിത്തിരിവായി. ജീവിതം മാറിമറിഞ്ഞു. ഒന്നിനുപിറകെ ഒന്നായി സിനിമകള്‍, മികച്ച കഥാപാത്രങ്ങള്‍, പുതിയതും പുതുക്കപ്പെട്ടതുമായ സൗഹൃദങ്ങള്‍, കുടുംബസ്വത്തുകേസില്‍ വിജയം, സ്‌ക്രിപ്‌റ്റ്, യോഗ, പിന്നെ ഹരംപിടിപ്പിക്കുന്ന യാത്രകൾ, വായന. അങ്ങനെ എല്ലാം നല്ലതിനെന്ന് സുഹൃത്തുക്കളും ഒപ്പമുള്ളവരും കരുതിയ കാലം. പക്ഷേ പ്രതാപ് പോത്തന്‍ വീണ്ടും അതിശയിപ്പിച്ചു. മരണത്തിലും.
‘‘എല്ലാ ബന്ധങ്ങളും നിങ്ങളെ ഒരു ശീലത്തിലേക്ക് നയിക്കുന്നു. ശീലങ്ങൾ ആവർത്തിക്കപ്പെടുന്ന അനുഷ്‌ഠാനങ്ങളാകുന്നു. രസകരമെന്ന് ഭാവിക്കുമ്പോഴും ശീലങ്ങൾ ആവർത്തനങ്ങൾകൊണ്ട് ബോറടിപ്പിക്കുന്നവയാണ്. അതിൽ പുതുമയോ സാഹസികതയോ നിങ്ങൾക്ക് കണ്ടെത്താനാകുന്നില്ല.’’ മരണത്തിന് ആവര്‍ത്തനമില്ലാത്തതുകൊണ്ട് ഇനി ജീവിക്കുന്ന പ്രതാപ് പോത്തന്‍ അനശ്വരനാണ്. സ്വന്തം സൃഷ്ടികളിലൂടെയും അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും.
’