അഴിമതിക്കാരന്‍ എന്ന വാക്ക് പാര്‍ലമെന്‍റില്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ സഭ്യമല്ലാത്തത് എന്ന് പറഞ്ഞിരിക്കുന്ന പദപ്രയോഗങ്ങള്‍ വിവാദമാകുന്നു. വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ സഭാധ്യക്ഷന്‍മാര്‍ക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
അഴിമതിക്കാരന്‍, വഞ്ചന, പീഡനം, ലജ്ജാകരം, അസത്യം തുടങ്ങിയ വാക്കുകളെല്ലാം സഭ്യമല്ലാത്തതായി കണക്കാക്കപ്പെടുമെന്ന് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് നല്‍കിയ കൈപ്പുസ്തകം പറയുന്നു. കോവിഡ് പരത്തുന്നവന്‍, കാപട്യക്കാരന്‍, മന്ദബുദ്ധി, മുതലക്കണ്ണീര്‍, പീഡിപ്പിക്കുന്നു, ഇതൊന്നും രേഖകളില്‍ ഉണ്ടാവില്ലെന്ന് ലോക്സഭാ സെക്രട്ടറിയയേറ്റിന്‍റെ കൈപ്പുസ്തകം പറയുന്നത്. ഏകാധിപതി, കഴിവുകെട്ടവന്‍, അരാജകവാദി, ശകുനി, വിനാശകാരി, ഖലിസ്ഥാനി തുടങ്ങിയവയെല്ലാം ചര്‍ച്ചകളില്‍ പ്രയോഗിച്ചാല്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും.
ഇരുസഭകളിലെയും അധ്യക്ഷന്‍മാര്‍ക്കെതിരെ ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തുന്ന അധിഷേപങ്ങളും രേഖകളില്‍ ഉണ്ടാവില്ല. കൂടിയാലോചനകള്‍ ഇല്ലാതെയടുത്ത തീരുമാനം വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനെന്ന് പ്രതിപക്ഷം. വാക്കുകള്‍ ഉപയോഗിക്കുമെന്ന് വിവിധ പ്രതിപക്ഷ എംപിമാര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം തയാറാക്കിയ കൈപ്പുസ്തകമാണ് വിതരണം ചെയ്തിട്ടുള്ളത് എന്നാണ് ലോക്സഭാ സെക്രട്ടറിയറ്റിന്‍റെ വിശദീകരണം. സഭാരേഖകളില്‍ നിന്ന് വാക്കുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച അന്തിമതീരുമാനം അധ്യക്ഷന്‍റേതാണ്.