TAGS

ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും 9 എംഎല്‍എമാരും ബിജെപിയിലേക്കെന്ന് സൂചന. നേതാക്കളെ ഡല്‍ഹിയിലേക്ക് എത്തിച്ചതായും വിവരം. എംഎല്‍എമാരെല്ലാം ഒപ്പമുണ്ടെന്നും ബാക്കി എല്ലാം കിംവദന്തിയാണെന്നും കോണ്‍ഗ്രസ്. അതേസമയം ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ഉടന്‍ ബിജെപിയില്‍ ചേരും. 

 

നാളെ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. 11 എംഎൽഎമാരാണ് നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 10 പേരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കൂറുമാറ്റ നിരോധന നിയമം എംഎല്‍എമാര്‍ക്ക് ബാധകമാകില്ല. ബിജെപിയില്‍ നിന്ന് രാജിവച്ച് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസിലെത്തിയ നേതാവാണ് മൈക്കിള്‍ ലോബോ. 

 

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ്  ഭരണഘടന തൊട്ട് കൂറുമാറില്ലെന്ന് സത്യം ചെയ്യിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നിലവില്‍ പ്രചരിക്കുന്നതെല്ലാം കിംവദന്തി മാത്രമാണെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ദിനേശ് ഗുണ്ടുറാവുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പനജിയില്‍ യോഗം ചേര്‍ന്നിരുന്നു എന്നും എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം ഹരിയാനയിലെ  വിമത  കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും രാജ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിസ്മയിപ്പിക്കുന്നതാണെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കുല്‍ദീപ് ബിഷ്ണോയ് ട്വീറ്റ് ചെയ്തു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കൂറുമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ പദവികളില്‍ നിന്നും കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസ് നീക്കിയിരുന്നു.